Rohit Sharma: ഇംഗ്ലണ്ടില്‍ കളിക്കാന്‍ ഉത്സാഹത്തോടെ കാത്തിരിക്കുന്നെന്ന് രോഹിത്, തൊട്ടുപിന്നാലെ വിരമിക്കല്‍ പ്രഖ്യാപനം; നിര്‍ണായകമായത് അഗാര്‍ക്കറിന്റെ നിലപാട്

രേണുക വേണു

വ്യാഴം, 8 മെയ് 2025 (13:13 IST)
Rohit Sharma and Ajit Agarkar

Rohit Sharma: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി സംസാരിച്ച ശേഷം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ നായകനാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അഗാര്‍ക്കര്‍ നിലപാടെടുത്തു. നായകസ്ഥാനം ഇല്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് രോഹിത് തീരുമാനിച്ചു. 
 
ഇംഗ്ലണ്ട് പര്യടനത്തിനായി രോഹിത് ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഈയിടെ ഓസീസ് മുന്‍ താരം മൈക്കിള്‍ ക്ലര്‍ക്ക് നടത്തിയ പോഡ്കാസ്റ്റ് 'ബിയോണ്ട് 23' യില്‍ രോഹിത് ഇതേ കുറിച്ച് പരാമര്‍ശിച്ചതാണ്. ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ ബൗളിങ് യൂണിറ്റിനെ ഇംഗ്ലണ്ടില്‍ നയിക്കാന്‍ സാധിക്കുന്നതിന്റെ ഉത്സാഹത്തിലാണ് താനെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുകയാണെന്നും രോഹിത് പറഞ്ഞിരുന്നു. ഈ പോഡ്കാസ്റ്റ് സംപ്രേഷണം ചെയ്തു ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനമെത്തി. 
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കാന്‍ രോഹിത് അതിയായി ആഗ്രഹിച്ചിരുന്നു. നായകസ്ഥാനത്ത് രോഹിത് തുടരട്ടെയെന്ന നിലപാടിലായിരുന്നു ബിസിസിഐയും. എന്നാല്‍ മോശം ഫോമിലുള്ള രോഹിത് ഇനിയും ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ തുടരുന്നതില്‍ അഗാര്‍ക്കര്‍ ശക്തമായി വിയോജിച്ചു. ചാംപ്യന്‍സ് ട്രോഫി കിരീടം നേടിത്തന്നു എന്നതുകൊണ്ട് മാത്രം റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് നായകനായി തുടരട്ടെ എന്നു തീരുമാനിക്കുന്നത് യുക്തിപരമല്ലെന്ന് അഗാര്‍ക്കര്‍ നിലപാടെടുത്തു. 
 
രോഹിത് തുടരുന്നതില്‍ സെലക്ഷന്‍ കമ്മിറ്റി എതിര്‍പ്പ് അറിയിച്ചതോടെ ബിസിസിഐയും വഴങ്ങി. രോഹിത്തിനെ നായകസ്ഥാനത്തു നീക്കാമെന്നും എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കട്ടെയെന്നും സെലക്ടര്‍മാരും ബിസിസിഐയും തീരുമാനിച്ചു. നായകസ്ഥാനത്തു നിന്ന് ഒഴിവാക്കുകയാണെങ്കില്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് രോഹിത് ബിസിസിഐയെ അറിയിക്കുകയും അതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍