India vs UAE: സാര്‍ ഒരു മാന്യനാണ്, സഞ്ജുവിന്റെ ബ്രില്യന്റ് റണ്ണൗട്ട് വേണ്ടെന്ന് വെച്ച് സൂര്യ, പക്ഷേ കാരണമുണ്ട്
ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ ദുര്‍ബലരായ യുഎഇക്കെതിരെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ കുല്‍ദീപ് യാദവ് 4 വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ മികച്ച പ്രകടനം നടത്താന്‍ മലയാളി താരം സഞ്ജു സാംസണിനായിരുന്നു. 2 ക്യാച്ചുകളാണ് മത്സരത്തില്‍ സഞ്ജു നേടിയത്. യുഎഇ താരം ജുനൈദ് സിദ്ദിഖിയെ സഞ്ജു റണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചതോടെ ഈ റണ്ണൗട്ട് നിഷേധിക്കപ്പെട്ടിരുന്നു.
മത്സരത്തിലെ പതിമൂന്നാം ഓവറിലായിരുന്നു സഞ്ജുവിന്റെ ബ്രില്യന്‍സില്‍ ലഭിച്ച റണ്ണൗട്ട് ഇന്ത്യന്‍ നായകന്‍ വേണ്ടെന്ന് വെച്ചത്. ശിവം ദുബെ എറിഞ്ഞ ബൗണ്‍സറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച സിദ്ദിഖിക്ക് പന്ത് കണക്റ്റ് ചെയ്യാനായിരുന്നില്ല. വിക്കറ്റിന് പിന്നില്‍ പന്ത് പിടിച്ച സഞ്ജു സിദ്ദിഖിയുടെ കാല്‍ ക്രീസിന് വെളിയിലാണെന്ന് വ്യക്തമായതോടെ സ്റ്റമ്പ്‌സിലേക്ക് എറിഞ്ഞ് ഔട്ടിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. വീഡിയോ റീപ്ലെ പരിശോധിച്ച് അമ്പയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തു. ഇതിനിടെ ജസ്പ്രീത് ബുമ്ര സഞ്ജുവിനടുത്തെത്തി എന്തോ പറയുന്നതും കാണാമായിരുന്നു.
ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും സിദ്ദിഖി ക്രീസ് വിട്ടിരുന്നില്ല. പിന്നാലെയാണ് ഇന്ത്യന്‍ നായകന്‍ ഫീല്‍ഡ് അമ്പയറിനടുത്തെത്തി റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. റണ്ണപ്പിനിടെ ശിവം ദുബെയുടെ അരയിലെ ടവല്‍ താഴെ വീണിരുന്നു. ഇത് ബാറ്ററുടെ ശ്രദ്ധ തിരിക്കുന്ന കാര്യമായതിനാലാണ് സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചത്. റണ്ണപ്പിനിടെ ഇങ്ങനെ സംഭവം ഉണ്ടായത് അമ്പയര്‍ ശ്രദ്ധിച്ചിരുന്നില്ല. സാധാരണ ഇത്തരം സംഭവമുണ്ടായാല്‍ പന്ത് ഡെഡ് ബോളായി മാറും. ഇതാണ് സിദ്ദിഖിയുടെ കാര്യത്തിലുണ്ടായത്. അമ്പയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും അതേ ഓവറില്‍ തന്നെ ശിവം ദുബെ സിദ്ദിഖിയെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു.