ദുബായ്: ഏഷ്യാകപ്പിന് മുന്നോടിയായി ടീം ക്യാപ്റ്റന്മാര്‍ ഒരുമിച്ച് മാധ്യമങ്ങളെ കണ്ട പ്രസ് മീറ്റ് വേദിയില്‍ വെച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് ഷെയ്ക് ഹാന്‍ഡ് നല്‍കാതെ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഗ. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം വേദി വിട്ട ശേഷമാണ് ഇന്ത്യന്‍ നായകനരികിലെത്തി പാകിസ്ഥാന്‍ നായകന്‍ ഹസ്തദാനം നല്‍കിയത്.
സാധാരണയായി മത്സരത്തിനിടയിലും പ്രസ് മീറ്റിലുമെല്ലാം കളിക്കാര്‍ സൗഹൃദം പുലര്‍ത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സഹചര്യത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി ഹസ്തദാനം ചെയ്യാന്‍ പാക് നായകന്‍ കാത്തുനിന്നില്ല. പകരം വേദിയില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ഇന്ത്യന്‍ നായകനുമായി സൗഹൃദം പുതുക്കിയത്. വേദിയില്‍ വെച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് കൈ നല്‍കാതിരുന്നത് വിവാദമായെങ്കിലും പിന്നീട് സല്‍മാന്‍ ആഗ സൂര്യകുമാറിന് ഹസ്തദാനം നല്‍കുന്ന ചിത്രങ്ങള്‍ വന്നതോടെ അത് കെട്ടടങ്ങുകയായിരുന്നു.
അതേസമയം കളിക്കളത്തില്‍ ജയിക്കാനായാണ് എപ്പോഴും കളിക്കുന്നതെന്ന് പ്രസ് മീറ്റില്‍ വെച്ച് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ഇന്ത്യ- പാക് മത്സരത്തെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സൂര്യ മറുപടി നല്‍കിയത്. അതേസമയം കളിക്കളത്തില്‍ തന്റെ ടീമിലെ കളിക്കാര്‍ക്ക് അവരുടെ സ്വാഭാവിക രീതിയില്‍ കളിക്കാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും ആക്രമണോത്സുകമായി കളിക്കണമെങ്കില്‍ അത് അവരുടെ തീരുമാനമാണെന്നും പാക് നായകന്‍ സല്‍മാന്‍ അലി ആഗ പറഞ്ഞു.