മടിയനായത് കൊണ്ടല്ല, പരിക്ക് വെച്ചാണ് രോഹിത് ശര്‍മ കളിക്കുന്നത്, ഇമ്പാക്ട് പ്ലെയറാകാനുള്ളതിന്റെ കാരണം പറഞ്ഞ് ജയവര്‍ധന
ഐപിഎല്ലിലെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ആദ്യപേരുകാരില്‍ ഒരാളാണ് മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ. അഞ്ച് തവണ മുംബൈയെ കിരീടനേട്ടത്തിലേക്കെത്തിച്ച രോഹിത് പക്ഷേ 2025ലെ ഐപിഎല്‍ സീസണില്‍ ഇമ്പാക്ട് പ്ലെയറായാണ് അധികം മത്സരങ്ങളിലും കളിക്കാനിറങ്ങിയത്. ആദ്യ മത്സരങ്ങളില്‍ ചെറിയ സ്‌കോറിന് പുറത്തായതോടെ രണ്ടോവര്‍ മാത്രം കളിച്ച് രോഹിത് കോടികള്‍ വാങ്ങുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് രോഹിത് ഇമ്പാക്ട് പ്ലെയറായി കളിക്കുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുംബൈയുടെ മുഖ്യപരിശീലകനായ മഹേല ജയവര്‍ധനെ.
ചാമ്പ്യന്‍സ് ട്രോഫി മുതല്‍ രോഹിത്തിന് ചെറിയ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ തന്നെ രോഹിത്തിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നതിനാലാണ് ഇമ്പാക്ട് സബായി താരത്തെ കളിക്കാനിറക്കുന്നതെന്നും ജയവര്‍ധനെ പറഞ്ഞു. രോഹിത്തിന്റെ ബാറ്റിംഗ് അതേസമയം ടീമിന് നിര്‍ണായകമാണെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ തോല്‍വികള്‍ ഏറ്റുവാങ്ങി സീസണ്‍ ആരംഭിച്ച മുംബൈ തിരിച്ചെത്തിയത് രോഹിത് ശര്‍മ ഓപ്പണിംഗില്‍ ഫോം വീണ്ടെടുത്തതോടെയാണ്. 3 മത്സരങ്ങള്‍ ശേഷിക്കെ മുംബൈ പ്ലേ ഓഫിലേക്കുള്ള തങ്ങളുടെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്.