പരിശീലനത്തിനിടെ കാല്‍മുട്ടിനു പരുക്കേറ്റതാണ് രോഹിത്തിനു തിരിച്ചടിയായത്. പന്ത് മുട്ടില്‍ കൊണ്ടതിനാല്‍ താരത്തിനു നടക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഏതാനും ദിവസത്തേക്ക് മുട്ടിനു ഭാരം നല്‍കുന്നത് ഒഴിവാക്കണം. അതുകൊണ്ട് തന്നെ താരത്തിനു ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് രോഹിത് ലഖ്‌നൗവിനെതിരെ കളിക്കാതിരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരവും രോഹിത്തിനു നഷ്ടമാകും.
അതേസമയം മോശം ഫോമിനെ തുടര്‍ന്നാണ് രോഹിത്തിനെ ഒഴിവാക്കിയതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. ഈ സീസണില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് 0, 8, 13 എന്നിങ്ങനെയാണ് രോഹിത് ശര്‍മയുടെ സ്‌കോറുകള്‍. മൂന്ന് കളികളില്‍ നിന്ന് ഏഴ് ശരാശരിയില്‍ 21 റണ്‍സ് മാത്രം. രോഹിത്തിന്റെ വിക്കറ്റ് പവര്‍പ്ലേയില്‍ തന്നെ നഷ്ടപ്പെടുന്നത് മുംബൈയുടെ മറ്റു ബാറ്റര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.