ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 നേടിയപ്പോള്‍ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 191 നേടാനെ സാധിച്ചുള്ളൂ. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമാന്‍ ധിര്‍ (24 പന്തില്‍ 46) എന്നിവരുടെ പ്രകടനം ഒരു ഘട്ടത്തില്‍ മുംബൈ അനായാസം ജയിക്കുമെന്ന് തോന്നിപ്പിച്ചതാണ്. 16.1 ഓവറില്‍ നാല് വിക്കറ്റിനു 152 റണ്‍സ് നേടിയതാണ് മുംബൈ. എന്നാല്‍ തിലക് വര്‍മയുടെ തണുപ്പന്‍ ഇന്നിങ്‌സ് (23 പന്തില്‍ 25) കാര്യങ്ങള്‍ അവതാളത്തിലാക്കി. ഒടുവില്‍ റിട്ടയേര്‍ഡ് ഔട്ടായി തിലക് കളം വിട്ടു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും (16 പന്തില്‍ പുറത്താകാതെ 28) മുംബൈയെ ജയിപ്പിക്കാനായില്ല.
ലഖ്‌നൗവിനായി ദിഗ്വേഷ് സിങ് രതി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ശര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റ്. ശര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 19-ാം ഓവറും (വഴങ്ങിയത് വെറും ഏഴ് റണ്‍സ്), ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറും (വഴങ്ങിയത് ഒന്‍പത് റണ്‍സ്) ലഖ്‌നൗവിന്റെ ജയത്തില്‍ നിര്‍ണായകമായി.
ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 60), ഏദന്‍ മാര്‍ക്രം (38 പന്തില്‍ 53), ആയുഷ് ബദോനി (19 പന്തില്‍ 30), ഡേവിഡ് മില്ലര്‍ (14 പന്തില്‍ 27) എന്നിവരാണ് ലഖ്‌നൗവിനായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്.