ഇനിയെങ്കിലും ഒഴിഞ്ഞു നിൽക്കുക, പന്ത് അക്കാര്യം ചെയ്യണം: ഉപദേശവുമായി മുൻ ഓസീസ് താരം

അഭിറാം മനോഹർ

ചൊവ്വ, 6 മെയ് 2025 (17:35 IST)
ഐപിഎല്ലില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ലഖ്‌നൗ നായകന്‍ റിഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ ആരോണ്‍ ഫിഞ്ച്. ഞായറാഴ്ച പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സെടുത്താണ് താരം പുറത്തായത്. സീസണിലാകെ കളിച്ച 11 മത്സരങ്ങളില്‍ നിന്നും ഒരു അര്‍ധസെഞ്ചുറിയടക്കം വെറും 128 റണ്‍സാണ് പന്ത് നേടിയത്. സീസണിലെ ആദ്യ മത്സരങ്ങളില്‍ നിക്കോളാസ് പുറാന്റെയും മിച്ചല്‍ മാര്‍ഷിന്റെയും ബാറ്റിംഗ് മികവില്‍ മുന്നേറിയെങ്കിലും ഇരുവരും നിറം മങ്ങിയതോടെ ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന നിലയിലാണ്.
 
 നായകനെന്ന നിലയിലും ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരമെന്ന നിലയിലും പന്തിന്റെ മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നാണ് ഫിഞ്ച് പറയുന്നത്. ടീം ക്യാപ്റ്റനും കീപ്പറുമായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. റിഷഭ് പന്ത് ഒരു മികച്ച ലീഡറാണ്. ഈ സാഹചര്യത്തില്‍ പന്ത് വിക്കറ്റ് കീപ്പറുടെ ഉത്തരവാദിത്തം പുറാനെ ഏല്‍പ്പിച്ച് ക്യാപ്റ്റന്‍സി മാത്രം കൈകാര്യം ചെയ്യുന്നതാകും നല്ലതെന്നാണ് ഫിഞ്ച് അഭിപ്രായപ്പെടുന്നത്. 2016ല്‍ അരങ്ങേറിയതിന് ശേഷം റിഷഭ് പന്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം സീസണാണിത്.  അരങ്ങേറ്റ സീസണില്‍ 10 കളികളില്‍ നിന്നും 198 റണ്‍സായിരുന്നു പന്ത് നേടിയയതെങ്കില്‍ ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും 128 റണ്‍സ് മാത്രമാണ് പന്തിന്റെ പേരിലുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍