റിഷഭ് വളരെ പോസിറ്റീവായ വ്യക്തി, മികച്ച ലീഡര്‍, മോശം പ്രകടനത്തിലും താരത്തെ കൈവിടാതെ ലഖ്‌നൗ മെന്റര്‍ സഹീര്‍ ഖാന്‍
ഇത്തവണത്തെ ഐപിഎല്‍ സീസണിലെ ഏറ്റവും താരമൂല്യമുള്ള താരമെന്ന ടാഗ്ലൈനുമായാണ് റിഷഭ് പന്ത് ലഖ്‌നൗ ക്യാമ്പിലെത്തുന്നത്. ലഖ്‌നൗ നായകനായി എത്തിയ പന്തിന് പക്ഷേ ബാറ്ററെന്ന നിലയില്‍ കാര്യമായ സംഭാവനകളൊന്നും തന്നെ തന്റെ ടീമിന് നല്‍കാനായിട്ടില്ല. കളിച്ച 10 കളികളില്‍ ചെന്നൈയ്‌ക്കെതിരെ നേടിയ 63 റണ്‍സ് പ്രകടനം ഉള്‍പ്പടെ ആകെ 110 റണ്‍സ് മാത്രമാണ് പന്ത് ഇത്തവണ ലഖ്‌നൗവിനായി നടത്തിയിട്ടുള്ളത്. മുംബൈയ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലും പന്ത് നിരാശപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ പന്തിന്റെ മോശം പ്രകടനങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ലഖ്‌നൗ മെന്റര്‍ കൂടിയായ സഹീര്‍ ഖാന്‍. 27 കോടി രൂപയെന്ന വലിയ പ്രൈസ് ടാഗ് നല്‍കുന്ന സമ്മര്‍ദ്ദമാണോ പന്തിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണമെന്ന ചോദ്യത്തിന് സഹീര്‍ ഖാന്‍ നല്‍കുന്ന മറുപടി ഇങ്ങനെ. ഞാന്‍ അങ്ങനെ കരുതുന്നില്ല. അവന്‍ മികച്ചൊരു ലീഡറാണ്. അക്കാര്യം എനിക്ക് ഉറപ്പ് നല്‍കാനാകും. ടീമിനെ ഓരോ താരത്തെയും കംഫര്‍ട്ടബിള്‍ ആക്കി മാറ്റാന്‍ അത്രയും കാര്യങ്ങള്‍ അവന്‍ ചെയ്യുന്നുണ്ട്. ഒരു ലീഡറിന് വേണ്ട എല്ലാ കാര്യങ്ങളും അവനിലുണ്ട്.
ഒരു ബാറ്ററെന്ന നിലയില്‍ മധ്യനിരയില്‍ പന്തിനെ ടീം ആശ്രയിക്കുന്നുണ്ട്. ഇതുവരെ അത്തരത്തിലുള്ള പ്രകടനം അവനില്‍ നിന്നും വന്നിട്ടില്ല. എന്നാല്‍ അത്തരം പ്രകടനങ്ങവനില്‍ നിന്നും വരുമെന്നാണ് ഞാന്‍ കരുതുന്നത്. അതൊരു മത്സരത്തിന്റെ മാത്രം കാര്യമായിരിക്കും. വലിയ പ്രൈസ് ടാഗ് നല്‍കുന്ന സമ്മര്‍ദ്ദം അവനെ ബാധിക്കുന്നുവെന്ന് കരുതുന്നില്ല. നിങ്ങള്‍ ഒരു ടീമിനെ പറ്റി പറയുമ്പോള്‍ ആ ടീമിന് ടൂര്‍ണമെന്റില്‍ സാധ്യതയുണ്ടോ എന്നതാണ് പ്രധാനം. ഈ ടീമിനെ മുന്നില്‍ നിന്നും നയിക്കാന്‍ ഏറ്റവും യോഗ്യന്‍ പന്ത് തന്നെയാണ്. അതില്‍ സംശയമില്ല. സഹീര്‍ ഖാന്‍ പറഞ്ഞു.