Rajasthan Royals : സാധ്യതകളുണ്ട്, എന്നാൽ പ്രതീക്ഷയൊട്ടുമില്ല, ഒടുവിൽ തുറന്ന് പറഞ്ഞ് രാജസ്ഥാൻ ബൗളിംഗ് പരിശീലകൻ

അഭിറാം മനോഹർ

തിങ്കള്‍, 28 ഏപ്രില്‍ 2025 (17:13 IST)
Rajasthan Royals
ഐപിഎല്ലില്‍ തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച് കഴിഞ്ഞതായി തുറന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട്. അവസാനം കളിച്ച 5 മത്സരങ്ങളിലും തോറ്റതോടെയാണ് രാജസ്ഥാന്റെ ടൂര്‍ണമെന്റിലെ സാധ്യതകള്‍ അടഞ്ഞത്. കണക്കുകളില്‍ നേരിയ സാധ്യതകളുണ്ടെങ്കിലും പ്ലേ ഓഫ് തങ്ങള്‍ സ്വപ്നം കാണുന്നില്ലെന്നാണ് ഷെയ്ന്‍ ബോണ്ട് വ്യക്തമാക്കിയത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങും മുന്‍പാണ് ഷെയ്ന്‍ ബോണ്ട് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതായി വ്യക്തമാക്കിയത്.
 
കഴിഞ്ഞ മത്സരങ്ങളിലെല്ലാം 40 ഓവര്‍ കളിയുടെ 35 ഓവറോളം ആധിപത്യം പുലര്‍ത്തിയ ശേഷമാണ് ഞങ്ങള്‍ പല കളികളും കൈവിട്ടത്. ഏതാനും മത്സരങ്ങളില്‍ ജയിക്കാവുന്ന സാഹചര്യങ്ങളീല്‍ എത്തിയിട്ടും സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഏറ്റവും വേദനിപ്പിക്കുന്നത് ഇതുവരെ കളിച്ച 9 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത് എന്നതാണ്. ഇനി അതില്‍ ഒന്നും ചെയ്യാനില്ല. പോയന്റ് പട്ടിക നോക്കുമ്പോള്‍ ഞങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി കഴിഞ്ഞു. എന്നാല്‍ അതുകൊണ്ട് ഞങ്ങളെ തളര്‍ത്താനാവില്ല. സീസണ്‍ മികച്ച വിജയങ്ങളോടെ അവസാനിപ്പിക്കാനാണ് ഇനിയുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ ശ്രമിക്കുക. അടുത്ത സീസണീല്‍ ടീമില്‍ തുടരുന്ന താരങ്ങള്‍ക്ക് ഇനിയുള്ള മത്സരങ്ങളില്‍ ടീമിനായി പലതും ചെയ്യാനുണ്ടെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.
 
 
 കഴിഞ്ഞ സീസണില്‍ ഹോം ഗ്രൗണ്ടില്‍ അധികവും വിജയിക്കാനായിരുന്നു. ഇത്തവണ മെഗാതാരലേലത്തില്‍ പുതിയൊരു ടീമിനെ അവതരിപ്പിച്ചപ്പോള്‍ അവരില്‍ പലര്‍ക്കും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാത്തത് തിരിച്ചടിയായി. പ്ലേ ഓഫിലെത്തുക എന്ന സാധ്യത അവസാനിച്ചെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടാകും ഇനിയുള്ള മത്സരങ്ങളില്‍ പ്രകടനം നടത്തുക എന്നും മികച്ച പ്രകടനങ്ങള്‍ തന്നെ പുറത്തെടുക്കാന്‍ എല്ലാവ്രും ശ്രമിക്കുമെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍