രാജസ്ഥാന് അനായാസം ജയിക്കുമെന്ന ഒരു ഘട്ടത്തില്‍ നിന്നാണ് കളി ആര്‍സിബി തിരിച്ചുപിടിച്ചത്. ഈ സീസണില്‍ നേരത്തെയും ജയം ഉറപ്പിച്ച മത്സരം രാജസ്ഥാന്‍ കൈവിട്ടിരുന്നു. 13.3 ഓവറില്‍ നാലിന് 134 എന്ന നിലയില്‍ സുരക്ഷിതമായി നില്‍ക്കുകയായിരുന്ന രാജസ്ഥാന് പിന്നീടുള്ള 39 പന്തുകളില്‍ 60 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു.
18 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 12 പന്തുകളില്‍ വെറും 18 റണ്‍സ് മതിയായിരുന്നു രാജസ്ഥാനു ജയിക്കാന്‍. അഞ്ച് വിക്കറ്റുകളും കൈയില്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് പിന്നീട് രാജസ്ഥാന്‍ നേടിയത് 12 പന്തില്‍ ആറ് റണ്‍സ് മാത്രം ! നാല് വിക്കറ്റുകള്‍ ഇതിനിടെ നഷ്ടമാകുകയും ചെയ്തു. വേറെ ഏത് ടീം ആണെങ്കിലും ഉറപ്പായും ജയിക്കേണ്ടിയിരുന്ന മത്സരമെന്നാണ് രാജസ്ഥാന്‍ ആരാധകര്‍ തന്നെ പറയുന്നത്.
രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ അടക്കം ആരാധകര്‍ ചീത്ത വിളിക്കുകയാണ്. ജോസ് ബട്‌ലറെ റിലീസ് ചെയ്ത് ധ്രുവ് ജുറല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവരെ നിലനിര്‍ത്താനുള്ള മാനേജ്‌മെന്റ് തീരുമാനം മുതല്‍ താരലേലത്തില്‍ ബുദ്ധിപൂര്‍വ്വം പണം ചെലവഴിക്കാത്തത് വരെ വിമര്‍ശനത്തിനു കാരണമാണ്. കുമാര്‍ സംഗക്കാര ഉണ്ടായിരുന്നപ്പോള്‍ ഏത് എതിരാളികള്‍ക്കെതിരെയും ജയിക്കാന്‍ സാധിക്കുന്ന ടീമായിരുന്നു രാജസ്ഥാനെന്നും ദ്രാവിഡ് വന്നതോടെ അതെല്ലാം കീഴ്‌മേല്‍ മറിഞ്ഞെന്നും ആരാധകര്‍ പറയുന്നു. മധ്യനിരയില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു ബാറ്റര്‍ പോലും ഇല്ലാത്തത് രാജസ്ഥാന്റെ തകര്‍ച്ചയും ആക്കം കൂട്ടി.