Riyan Parag: മത്സരം ഞാൻ ഫിനിഷ് ചെയ്യണമായിരുന്നു,തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പരാഗ്

അഭിറാം മനോഹർ

ഞായര്‍, 20 ഏപ്രില്‍ 2025 (13:22 IST)
Riyan parag
ജയ്പൂരില്‍ നടന്ന ലഖ്‌നൗവിനെതിരായ പോരാട്ടത്തിലെ രാജസ്ഥാന്റെ തോല്‍വി താന്‍ ഏറ്റെടുക്കുന്നുവെന്ന് രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ്. മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഇന്നിങ്ങ്‌സ് 178 റണ്‍സില്‍ അവസാനിച്ചിരുന്നു. സഞ്ജു സാംസണിന്റെ അഭാവത്തില്‍ നായകനായി ഇറങ്ങിയ പരാഗ് 29 പന്തില്‍ 39 റണ്‍സുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
 
മത്സരശേഷം നടത്തിയ പ്രതികരണത്തിലാണ് രാജസ്ഥാന്റെ തോല്‍വിയില്‍ പരാഗ് സ്വയം പഴിച്ചത്. മത്സരത്തിന്റെ പത്തൊമ്പതാം ഓവറില്‍ താന്‍ കളി ഫിനിഷ് ചെയ്യണമായിരുന്നുവെന്ന് പരാഗ് തുറന്ന് പറഞ്ഞു. മത്സരത്തിലെ അവസാന 2 ഓവറുകളില്‍ 20 റണ്‍സായിരുന്നു രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രിന്‍സ് യാദവെറിഞ്ഞ ഓവറില്‍ 11 റണ്‍സ് വന്നതോടെ അവസാന ഓവറില്‍ 9 റണ്‍സ് വേണമെന്ന നിലയിലായി രാജസ്ഥാന്‍. എന്നാല്‍ ആവേശ് ഖാന്‍ എറിഞ്ഞ ഓവറില്‍ 6 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്.
 
 ലഖ്‌നൗ ടീമിനെ 165-170ല്‍ ഒതുക്കാനാവുമെന്നാണ് കരുതിയത്. എന്നാല്‍ കൂടുതല്‍ റണ്‍സ് രാജസ്ഥാന്‍ വിട്ടുകൊടുത്തതായും പരാഗ് പറഞ്ഞു. നിലവില്‍ 8 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2 വിജയങ്ങളുമായി രാജസ്ഥാന്‍ എട്ടാം സ്ഥാനത്താണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍