Womens World Cup 2025: ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിയില്‍; സ്മൃതി കളിയിലെ താരം

രേണുക വേണു

വെള്ളി, 24 ഒക്‌ടോബര്‍ 2025 (09:25 IST)
India Women
Womens World Cup 2025: ഐസിസി വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 53 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 325 റണ്‍സായിരുന്നു ന്യൂസിലന്‍ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുക്കാനെ കിവീസിനു സാധിച്ചുള്ളൂ. 
 
ഇന്ത്യക്കായി ഓപ്പണര്‍മാരായ പ്രതിക റാവല്‍ (134 പന്തില്‍ 122), സ്മൃതി മന്ദാന (95 പന്തില്‍ 109) എന്നിവര്‍ സെഞ്ചുറികള്‍ നേടി. 13 ഫോറും രണ്ട് സിക്‌സും റാവലും 10 ഫോറും നാല് സിക്‌സും മന്ദാനയും ബൗണ്ടറിയായി അടിച്ചുകൂട്ടി. ജെമിമ റോഡ്രിഗസ് 55 പന്തില്‍ 11 ഫോര്‍ സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
മറുപടി ബാറ്റിങ്ങില്‍ ബ്രൂക്ക് ഹാളിഡേ (84 പന്തില്‍ 81), ഇസബെല്ല ഗാസെ (51 പന്തില്‍ പുറത്താകാതെ 65) എന്നിവര്‍ പൊരുതിയെങ്കിലും ന്യൂസിലന്‍ഡിനു രക്ഷയുണ്ടായില്ല. ഇന്ത്യക്കായി രേണുക സിങ്, ക്രാന്തി ഗൗഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 
 
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരും സെമി ഉറപ്പിച്ചു. ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി നാലാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍