India Women vs Pakistan Women: 'എല്ലാം ബിസിസിഐ പറയും പോലെ'; പാക് ക്യാപ്റ്റനു കൈ കൊടുക്കാതെ ഹര്‍മന്‍

രേണുക വേണു

തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (08:16 IST)
India Women vs Pakistan Women

India Women vs Pakistan Women: വനിത ലോകകപ്പിലും 'ഹാന്‍ഡ് ഷെയ്ക്ക് വിവാദം'. ഇന്ത്യ വുമണ്‍ ടീം ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗര്‍ പാക്കിസ്ഥാന്‍ വുമണ്‍ ടീം ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്കു കൈ കൊടുത്തില്ല. 
 
ഏഷ്യ കപ്പില്‍ ഇന്ത്യന്‍ പുരുഷ ടീം പാക്കിസ്ഥാന്‍ താരങ്ങളെ അവഗണിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി അഗയ്ക്കു കൈ കൊടുക്കാന്‍ വിസമ്മതിച്ചത് വലിയ വിവാദമായതിനു പിന്നാലെയാണ് വനിത ടീം ക്യാപ്റ്റനും സമാന നിലപാട് ആവര്‍ത്തിച്ചത്. 
 
കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ടോസിങ് സമയത്ത് പാക് ക്യാപ്റ്റന്‍ എതിര്‍ ടീം ക്യാപ്റ്റനു കൈ കൊടുക്കാമെന്ന നിലപാടിലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഒഴിഞ്ഞുമാറി. 
 
ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാക് ക്യാപ്റ്റനു കൈ കൊടുക്കാന്‍ ഹര്‍മന്‍പ്രീത് തയ്യാറാകാതിരുന്നത്. പാക്കിസ്ഥാനുമായുള്ള ബന്ധം ഇപ്പോഴും മോശം അവസ്ഥയില്‍ തന്നെയാണെന്ന് മത്സരത്തിനു മുന്‍പ് പരോക്ഷമായി ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ പറഞ്ഞിരുന്നു. ബിബിസിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ' എനിക്ക് പ്രവചിക്കാനൊന്നും അറിയില്ല. എന്നാല്‍ ആ ശത്രു രാജ്യവുമായി (പാക്കിസ്ഥാന്‍) ഞങ്ങള്‍ക്കുള്ള ബന്ധം അതേപടി തുടരുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും അതില്‍ ഉണ്ടായിട്ടില്ല,' സൈക്കിയ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍