Sandeep Sharma: ജുറലും ഹെറ്റ്മയറും തെറി കേൾക്കുമ്പോൾ രക്ഷപ്പെട്ടുപോകുന്ന മുതൽ, മാടമ്പള്ളിയിലെ യഥാർഥ മനോരോഗി സന്ദീപ് ശർമ, അവസാന ഓവറിൽ വിട്ടുകൊടുത്തത് 27 റൺസ്
തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോല്‍വി എരന്ന് വാങ്ങിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ 9 റണ്‍സ് പ്രതിരോധിക്കാനാവാതിരുന്ന രാജസ്ഥാന് ഇത്തവണയും ഫൈനല്‍ ഓവറില്‍ വേണ്ടിയിരുന്നത് 9 റണ്‍സായിരുന്നു. ധ്രുവ് ജുറലും ഷിമ്രോണ്‍ ഹെറ്റ്‌മെയറും ക്രീസില്‍ നിന്നിട്ടും രണ്ടാം മത്സരത്തിലും 6 പന്തില്‍ 9 റണ്‍സ് നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനായില്ല. തോല്‍വിയില്‍ ഇരു താരങ്ങള്‍ക്കുമെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പക്ഷേ രക്ഷപ്പെട്ട് പോകുന്നത് മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗിയാണ്. മറ്റാരുമല്ല സന്ദീപ് ശര്‍മയെന്ന രാജസ്ഥാന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് തന്നെ.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനെ മത്സരത്തിന്റെ പത്തൊമ്പതാം ഓവര്‍ വരെ പിടിച്ചുകെട്ടിയ രാജസ്ഥാന്‍ യഥാര്‍ഥത്തില്‍ മത്സരം കൈവിട്ടത് ഫൈനല്‍ ഓവറിലായിരുന്നു. സന്ദീപ് ശര്‍മ പന്തെറിയും മുന്‍പ് 19 ഓവറില്‍ 5 വിക്കറ്റിന് 153 റണ്‍സെന്ന നിലയിലായിരുന്നു ലഖ്‌നൗ. അവസാന ഓവറില്‍ വമ്പനടിക്കാരന്‍ സമദ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ലഖ്‌നൗ സ്‌കോര്‍ 170 കടക്കുമെന്ന് മാത്രമെ ആരാധകരും കരുതിയിരുന്നുള്ളു. സന്ദീപിന്റെ ആദ്യ പന്തില്‍ സിംഗിള്‍ പിറന്നപ്പോള്‍ പിന്നീടുള്ള പന്തുകള്‍ ഇങ്ങനെയായിരുന്നു. 6,6,2,6,6. ഇതോടെ 10 പന്തുകള്‍ നേരിട്ട സമദ് നേടിയത് 30 റണ്‍സ്. ലഖ്‌നൗ സ്‌കോര്‍ 180ല്‍ എത്തുകയും ചെയ്തു. അവസാന ഓവറില്‍ 9 റണ്‍സ് കണ്ടെത്താനാകാത്തതില്‍ ജുറലും ഹെറ്റ്‌മെയറും പഴി കേള്‍ക്കുമ്പോള്‍ രക്ഷപ്പെട്ടുപോകുന്നത് മത്സരം രാജസ്ഥാന്റെ കയ്യില്‍ നിന്നും ലഖ്‌നൗവിന് കൊടുത്ത സന്ദീപ് ശര്‍മയും.