അവസരം നിഷേധിച്ചതോ?, പൊതിഞ്ഞു സംരക്ഷിച്ചതോ?, വിഘ്നേശിന് എന്തുകൊണ്ട് രണ്ടാം ഓവർ കൊടുത്തില്ല, സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

അഭിറാം മനോഹർ

ചൊവ്വ, 8 ഏപ്രില്‍ 2025 (13:16 IST)
ഐപിഎല്ലില്‍ തന്റെ ആദ്യമത്സരത്തില്‍ തന്നെ ഇന്ത്യയെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മലയാളി താരമായ വിഘ്‌നേശ് പുത്തൂര്‍. പന്തെറിഞ്ഞ മത്സരങ്ങളിലെല്ലാം വിക്കറ്റുകള്‍ സ്വന്തമാക്കിയ താരത്തെ കേരളത്തിലെ ഒരു ക്ലബ് ക്രിക്കറ്റ് മാച്ചില്‍ വെച്ചാണ് മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയത്. ആര്‍സിബിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരോവര്‍ മാത്രം പന്തെറിഞ്ഞ വിഘ്‌നേശ് പുത്തൂര്‍ മത്സരത്തില്‍ ദേവ്ദത്ത് പഠിക്കലിനെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് പന്തെറിയാനുള്ള അവസരം താരത്തിന് ലഭിച്ചില്ല.
 
മത്സരത്തില്‍ നിര്‍ണായകമായിരുന്ന കോലി- ദേവ്ദത്ത് കൂട്ടുക്കെട്ട് പൊളിച്ചത് വിഘ്‌നേശായിരുന്നു. എന്നാല്‍ താരത്തിന് പിന്നീട് ഒരു ഓവര്‍ കൂടി നല്‍കാന്‍ പോലും മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തയ്യാറായില്ല. വിഘ്‌നേശ് നല്ല രീതിയില്‍ പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്ത സാഹചര്യത്തില്‍ താരത്തിന് ഹാര്‍ദ്ദിക് കൂടുതല്‍ ഓവറുകള്‍ നല്‍കണമെന്നാണ് ഒരു കൂട്ടം ആരാധകര്‍ മത്സരശേഷം സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായപ്പെട്ടത്. എന്തിനാണ് ഒരു യുവതാരം വളരുന്നത് തടയാന്‍ ഹാര്‍ദ്ദിക് കൂട്ടു നില്‍ക്കുന്നതെന്നും സൂര്യയാണ് നായകനെങ്കില്‍ വിഘ്‌നേശിന് കൂടുതല്‍ ഓവറുകള്‍ നല്‍കുമായിരുന്നുവെന്നും ചില ആരാധകര്‍ പറയുന്നു.
 
 അതേസമയം മത്സരത്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് 57 റണ്‍സും പാണ്ഡ്യ 45, സാന്റനര്‍ 40 റണ്‍സും വഴങ്ങിയിരുന്നെന്നും വെറും നാല് മത്സരങ്ങളുടെ പരിചയം മാത്രമുള്ള വിഘ്‌നേശിനെ കടന്നാക്രമിച്ചിരുന്നെങ്കില്‍ അത് യുവതാരത്തിന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുമായിരുന്നുവെന്നും ഹാര്‍ദ്ദിക് യുവതാരത്തെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ഹാര്‍ദ്ദിക്കിന്റെ നടപടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍