Rajat Patidar: 'ഞാനല്ല അവരാണ് താരങ്ങള്‍'; പാട്ടീദറിന്റെ 'ക്യാപ്റ്റന്‍ സ്റ്റൈല്‍'

രേണുക വേണു

ചൊവ്വ, 8 ഏപ്രില്‍ 2025 (09:17 IST)
Rajat Patidar

Rajat Patidar: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനു ജയിച്ചതിനു പിന്നാലെ ടീമിലെ ബൗളര്‍മാരെ പുകഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടീദര്‍. പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് തനിക്കാണ് ലഭിച്ചതെങ്കിലും യഥാര്‍ഥ അവകാശികള്‍ ടീമിലെ ബൗളര്‍മാരാണെന്ന് പാട്ടീദര്‍ പറഞ്ഞു. 
 
' ഇതൊരു മികച്ച മത്സരമായിരുന്നു. ബൗളര്‍മാര്‍ കാണിച്ച ധൈര്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, ഈ അവാര്‍ഡിനു യഥാര്‍ഥ അര്‍ഹതയുള്ളത് ബൗളിങ് യൂണിറ്റിനാണ്. ഈ ഗ്രൗണ്ടില്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ ജയത്തിനു പിന്നില്‍ പൂര്‍ണമായും അവരാണ്. ടീമിനായി ബൗളര്‍മാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയത് ഗംഭീരമായാണ്. കളി അവസാനത്തേക്ക് എത്തിക്കുകയും ക്രുണാല്‍ പാണ്ഡ്യയുടെ ശേഷിക്കുന്ന ഓവര്‍ അവസാനം എറിയിപ്പിക്കുകയും ആയിരുന്നു ഞങ്ങളുടെ പദ്ധതി. ക്രുണാലും സുയാഷ് ശര്‍മയും മികച്ച രീതിയില്‍ പന്തെറിഞ്ഞു,' രജത് പറഞ്ഞു. 
 
ആര്‍സിബിക്കായി വെറും 32 പന്തിലാണ് രജത് 64 റണ്‍സ് അടിച്ചുകൂട്ടിയത്. നാല് സിക്‌സും അഞ്ച് ഫോറുമാണ് പാട്ടീദറിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 200 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്ത രജത് മുംബൈ സ്പിന്നര്‍മാരെ ആക്രമിച്ചു കളിച്ചു. 


മുംബൈ വാങ്കഡെയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 209 റണ്‍സെടുക്കാനേ മുംബൈയ്ക്കു സാധിച്ചുള്ളൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍