M S Dhoni: കളി കഴിഞ്ഞ് ധോനി നേരെ കമന്ററി ബോക്‌സിലേക്ക് വന്നോളു, ആ ടീമിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്: മാത്യു ഹെയ്ഡന്‍

അഭിറാം മനോഹർ

ചൊവ്വ, 8 ഏപ്രില്‍ 2025 (10:22 IST)
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ വെറ്ററന്‍ താരമായ എം എസ് ധോനി കളി മതിയാക്കേണ്ട സമയമായെന്ന് വ്യക്തമാക്കി ചെന്നൈ മുന്‍താരം കൂടിയായ ഇതിഹാസതാരം മാത്യു ഹെയ്ഡന്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് മത്സരത്തിനിടെയായിരുന്നു മാത്യു ഹെയ്ഡന്റെ പ്രതികരണം. ശനിയാഴ്ച ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ധോനി 10 ഓവറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ക്രീസിലെത്തിയിട്ടും 25 റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.
 
ധോനിയുടെ വിരമിക്കല്‍ എന്നത് അനിവാര്യമായ കാര്യമാണ്. അദ്ദേഹം ആ തീരുമാനം എടുക്കുക തന്നെ ചെയ്യണം. ഈ മത്സരം കഴിയുമ്പോള്‍ തന്നെ ധോനി കമന്ററി ബോക്‌സില്‍ വന്ന് ഞങ്ങള്‍ക്കൊപ്പം ചേരുന്നത് നന്നായിരിക്കും.ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു. ഇനിയും ഒരുപാട് വൈകുന്നതിന് മുന്‍പ് സ്വന്തം ടീമിന് വേണ്ടിയെങ്കിലും ആ കാര്യം ധോനി അംഗീകരിക്കണം. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഏറെ നേരം ക്രീസിലുണ്ടായിരുന്ന ധോനി 26 പന്തുകള്‍ നേരിട്ട് 30 റണ്‍സാണ് ആകെ നേടിയത്.
 
വിജയിക്കാനായി ശ്രമിക്കാതെ സ്‌കോര്‍ബോര്‍ഡില്‍ സിംഗിളുകള്‍ കൊണ്ട് റണ്‍സ് കണ്ടെത്തിയ വിജയ് ശങ്കറും ധോനിയും മത്സരത്തില്‍ ചെന്നൈയുടെ സാധ്യതകള്‍ ഇല്ലാതെയാക്കുകയാണ് ചെയ്തത്. ഇതോടെ മത്സരശേഷം ധോനിക്കെതിരെ ചെന്നൈ ആരാധകര്‍ തന്നെ രൂക്ഷമായ ഭാഷയില്‍ രംഗത്ത് വന്നിരുന്നു. ധോനി ടീമിന് വേണ്ടി വിരമിക്കണമെന്ന് പറയുന്ന ചെന്നൈ ആരാധകരുടെ എണ്ണം കഴിഞ്ഞ മത്സരങ്ങളോടെ ഉയര്‍ന്നിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍