ഐപിഎല്ലില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എല്ലാമായ മഹേന്ദ്ര സിംഗ് ധോനി സമീപഭാവിയില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ശനിയാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തിനിടെയാണ് ധോനിയുടെ വിരമിക്കല്‍ വാര്‍ത്ത ചര്‍ച്ചകളില്‍ നിറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2019ല്‍ വിരമിച്ച ധോനിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ പിന്നീടുള്ള ഓരോ ഐപിഎല്‍ സീസണുകളിലും ഉയരാറുണ്ട്.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 26 പന്തില്‍ 30 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്. കഴിഞ്ഞ സീസണുകളിലെല്ലാം തന്നെ അവസാന ഓവറുകളിലെത്തി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ധോനിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ ബാറ്റിംഗ് നിര സ്ഥിരമായി തകരുന്നതിനാല്‍ തന്നെ ടീമിന് ഉപയോഗപ്രദമായ ഇന്നിങ്ങ്‌സുകളൊന്നും തന്നെ കളിക്കാന്‍ ധോനിക്കാവുന്നില്ല. അതിനാല്‍ തന്നെ ധോനി വിരമിക്കുന്നതാണ് ചെന്നൈ ഫ്രാഞ്ചൈസിക്ക് നല്ലതെന്ന് കരുതുന്ന ആരാധകരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്.