M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം

അഭിറാം മനോഹർ

ശനി, 29 മാര്‍ച്ച് 2025 (10:41 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ നമ്പര്‍ 9ല്‍ ബാറ്റിംഗിനിറങ്ങിയ മഹേന്ദ്ര സിംഗ് ധോനിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുമ്പോഴൊന്നും സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ധോനി ക്രീസിലെത്തിയിരുന്നില്ല. അവസാന നിമിഷത്ത് ഗ്രൗണ്ടിലിറങ്ങി ഒരു സിക്‌സും ഫോറും നേടി ഫാന്‍സിന്റെ കയ്യടി നേടി മടങ്ങുക മാത്രമാണ് ധോനി ചെയ്യുന്നതെന്ന വിമര്‍ശനമാണ് ഇതോടെ ശക്തമായത്.
 
മത്സരത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 197 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ 6 വിക്കറ്റുകള്‍ വെറും 80 റണ്‍സിലെത്തി നില്‍ക്കെ തന്നെ നഷ്ടമായിരുന്നു. മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ 6 വിക്കറ്റുകള്‍ നഷ്ടമായിട്ടും ധോനി ക്രീസിലെത്തിയില്ല. പകരം അശ്വിന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. 13മത് ഓവറില്‍ ക്രീസിലെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ ടീമിനെ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാന്‍ ധോനിക്കാവുമായിരുന്നു.
 
 എന്നാല്‍ അശ്വിന്റെ വിക്കറ്റ് കൂടി പതിനാറാം ഓവറില്‍ നഷ്ടമായതോടെയാണ് ധോനി ക്രീസിലെത്തിയത്. 16 പന്തില്‍ 3 ബൗണ്ടറിയും 2 സിക്‌സുമായി 30 റണ്‍സ് നേടിയെങ്കിലും എന്തിനാണ് ധോനി ബാറ്റിംഗ് ഓര്‍ഡറില്‍ ഇങ്ങനെ താഴേക്കിറങ്ങുന്നതെന്ന വിമര്‍ശനമാണ് ഇതോടെ ശക്തമായത്. അവസാന 6 പന്തുകള്‍ കളിച്ച് കൈയടി വാങ്ങി പോവുക മാത്രമാണ് ധോനി ചെയ്യുന്നതെന്നും അതുകൊണ്ട് ടീമിന് ഗുണം കിട്ടുന്നില്ലെന്നും ചെന്നൈ ആരാധകര്‍ തന്നെ പറയുന്നു. അതേസമയം മത്സരത്തിനിടെ ആര്‍സിബി താരം ഫില്‍ സാള്‍ട്ടിനെ പുറത്താക്കിയുള്ള ധോനിയുടെ സ്റ്റമ്പിങ്ങിന് ഏറെ പ്രശംസയാണ് ലഭിക്കുന്നത്. 43 വയസിലും ധോനിയുടെ റിഫ്‌ലെക്‌സ് അതിശയകരമാണെന്നാണ് ആരാധകരും പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍