ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആവേശപോരട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യമത്സരം വിജയിച്ചാണ് ഇരുടീമുകളും എത്തുന്നത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നതിനാല്‍ ഇത്തവണ ചെന്നൈയ്ക്ക് ചെറിയ മേല്‍ക്കെയുണ്ട്. എന്നാല്‍ ടീമിനെയാകെ പുതുക്കിപണിതാണ് ഇത്തവണ ആര്‍സിബി ഐപിഎല്ലിനെത്തുന്നത്.
രജത് പാട്ടീധാര്‍ നായകനാകുന്ന ബെംഗളുരുവിന്റെ ടീം കഴിഞ്ഞ സീസണുകളേക്കാള്‍ കൂടുതല്‍ സന്തുലിതമായ ടീമാണ്. ഫില്‍ സാള്‍ട്ട്, വിരാട് കോലി,രജത് പാട്ടീധാര്‍, ജേക്കബ് ബേഥല്‍, ജിതേഷ് ശര്‍മ മുതലായ ബാറ്റര്‍മാര്‍ക്കൊപ്പം റൊമരിയോ ഷെപ്പേര്‍ഡ്, ലിയാം ലിവിങ്ങ്സ്റ്റണ്‍ ,ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരും ഇത്തവണ ബെംഗളുരുവിലുണ്ട്. സ്വപ്നില്‍ സിങ്ങ്, ഭുവനേശ്വര്‍ കുമാര്‍,ജോഷ് ഹേസല്‍വുഡ്, ലുങ്കി എങ്കിടി,യാഷ് ദയാല്‍ എന്നിവരടങ്ങിയ ബൗളിംഗ് നിരയും താരതമ്യേന ശക്തമാണ്.
അതേസമയം ടീമിലെ പ്രധാന പേസറായ മതീഷ പതിരണ ഇല്ലാതെയാകും ചെന്നൈ ബെംഗളുരുവിനെതിരെ ഇറങ്ങുക. ഖലീല്‍ അഗമ്മദ്, സാം കറന്‍ എന്നിവര്‍ക്കൊപ്പം നഥാന്‍ എല്ലിസാകും ചെന്നൈ പേസ് ആക്രമണത്തെ നയിക്കുക. ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാതി, റുതുരാജ് ഗെയ്ക്ക്വാദ്, ശിവം ദുബെ, രചിന്‍ രവീന്ദ്ര എന്നിവരാണ് ചെന്നൈയിലെ പ്രധാന ബാറ്റര്‍മാര്‍. രവി ചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവരടങ്ങുന്ന സ്പിന്‍ നിരയാകും ഐപിഎല്ലില്‍ മറ്റ് ടീമുകള്‍ക്ക് പ്രധാന വെല്ലുവിളിയാവുക. ഇന്ത്യന്‍ സമയം 7:30നാണ് മത്സരം.