Royal Challengers Bengaluru vs Kolkata Knight Riders: കൊല്‍ക്കത്തയുടെ സ്പിന്‍ കരുത്തിനു മുന്നില്‍ ആര്‍സിബി വീഴുമോ? സാധ്യതകള്‍ ഇങ്ങനെ

രേണുക വേണു

ശനി, 22 മാര്‍ച്ച് 2025 (08:15 IST)
KKR vs RCB, IPL 2025

Royal Challengers Bengaluru vs Kolkata Knight Riders: ഐപിഎല്‍ 2025 സീസണു ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കന്നി കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍ തത്സമയം കാണാം. ജിയോ സിനിമ, ജിയോ ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും. 
 
വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും അടങ്ങുന്ന സ്പിന്‍ നിരയ്ക്കു മുന്നില്‍ ആര്‍സിബി പിടിച്ചുനില്‍ക്കുമോ എന്നറിയാനാണ് ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പ്. മറുവശത്ത് ആര്‍സിബിയുടെ സ്പിന്‍ യൂണിറ്റ് ദുര്‍ബലമാണ്. ഇരു ടീമുകളും ഐപിഎല്ലില്‍ 34 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 20 കളിയും ജയിച്ചത് കൊല്‍ക്കത്ത, ആര്‍സിബി ജയിച്ചിരിക്കുന്നത് 14 കളികളില്‍ മാത്രം. 
 
ആര്‍സിബിയുടെ സ്പിന്‍ നിരയില്‍ സുയാഷ് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയുമാണ് പ്രധാനികള്‍. സ്പിന്‍ ഓള്‍റൗണ്ടറായി ലിയാം ലിവിങ്‌സ്റ്റണ്‍ ഉണ്ട്. എന്നാല്‍ അന്റിച്ച് നോര്‍ക്കിയ, ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നിവരടങ്ങുന്ന കൊല്‍ക്കത്തയുടെ പേസ് നിരയേക്കാള്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍ എന്നിവര്‍ നയിക്കുന്ന ആര്‍സിബി പേസ് നിരയ്ക്കു ശക്തി കൂടും. 
 
ആര്‍സിബി സാധ്യത ഇലവന്‍ (ഇംപാക്ട് പ്ലെയര്‍ അടക്കം) : വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീദര്‍, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടീം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ 
 
കെകെആര്‍ സാധ്യത ഇലവന്‍ (ഇംപാക്ട് പ്ലെയര്‍ അടക്കം): ക്വിന്റണ്‍ ഡി കോക്ക്, സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, ചേതന്‍ സക്കറിയ, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, അന്റിച്ച് നോര്‍ക്കിയ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍