Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

അഭിറാം മനോഹർ

തിങ്കള്‍, 11 ഓഗസ്റ്റ് 2025 (09:55 IST)
Aus vs SA
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 17 റണ്‍സിന്റെ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 55 പന്തില്‍ 71 റണ്‍സുമായി തിളങ്ങിയ റിയാന്‍ റിക്കിള്‍ട്ടണ് മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായുള്ളു. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസല്‍വുഡ്, ബെന്‍ ഡ്വാര്‍സിസ് എന്നിവര്‍ 3 വിക്കറ്റ് വീതവും ആദം സാമ്പ 2 വിക്കറ്റും സ്വന്തമാക്കി.
 
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വലിയ തകര്‍ച്ചയാണ് തുടക്കത്തില്‍ തന്നെ നേരിടേണ്ടി വന്നത്. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷിനെയും ട്രാവിസ് ഹെഡിനെയും കഗിസോ റബാഡ മടക്കിയപ്പോള്‍ ജോഷ് ഇംഗ്ലീഷിനെ ജോര്‍ജ് ലിന്‍ഡെ പൂജ്യനാക്കി മടക്കി. 30 റണ്‍സിന് 3 എന്ന നിലയില്‍ നിന്നും കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും ചേര്‍ന്നാണ് കരകയറ്റിയത്. എന്നാല്‍ ടീം സ്‌കോര്‍ 70ല്‍ നില്‍ക്കെ 13 പന്തില്‍ 35 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ മടങ്ങി.75 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത് ടിം ഡേവിഡിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയായിരുന്നു.
 
52 പന്തില്‍ 8 സിക്‌സും 4 ഫോറും സഹിതം 83 റണ്‍സ് നേടിയാണ് ടിം ഡേവിഡ് മടങ്ങിയത്.ഓസ്‌ട്രേലിയ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്ടത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. 48ന് 3 എന്ന നിലയില്‍ നിന്നും ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്- റിയാന്‍ റിക്കിള്‍ട്ടണ്‍ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. എന്നാല്‍ 37 റണ്‍സെടുത്ത സ്റ്റമ്പ്‌സ് മടങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ച വേഗത്തിലായി. 3 വിക്കറ്റുകള്‍ വീതം നേടി ഹെയ്‌സല്‍വുഡും ഡാര്‍സ്യൂസും തിളങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. 55 പന്തില്‍ ഒരു സിക്‌സും 7 ഫോറും സഹിതം 71 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ട്ടണ്‍ മാത്രമാണ് ഓസീസ് പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനിന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍