Mumbai Indians: മുംബൈ ഇനി വിയർക്കും, വിൽ ജാക്സും റിക്കൾട്ടണും മടങ്ങുന്നു, പകരക്കാരനായി ജോണി ബെയർസ്റ്റോ?
ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടും പോയന്റ് പട്ടികയില്‍ അവിശ്വസനീയമായ കുതിപ്പാണ് മുംബൈ ഇന്ത്യന്‍സ് നടത്തിയത്. രോഹിത് ശര്‍മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവ് കൂടി ഫോമിലെത്തിയതും ബുമ്ര തിരിച്ചെത്തിയതും ഒരു ടീം എന്ന നിലയില്‍ മുംബൈയ്ക്ക് നല്‍കിയ ബാലന്‍സ് വലുതാണ്. ഇതുവരെയുള്ള ടീമിന്റെ മുന്നേറ്റത്തില്‍ വിദേശതാരങ്ങളായ വില്‍ ജാക്‌സും റിയാന്‍ റിക്കള്‍ട്ടണുമെല്ലാം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെച്ചതോടെ ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ ചില താരങ്ങളുടെ സേവനം മുംബൈയ്ക്ക് ലഭ്യമാവില്ല. വില്‍ ജാക്‌സ്, റിയാന്‍ റിക്കള്‍ട്ടണ്‍ എന്നിവരെയാകും പ്ലേ ഓഫില്‍ മുംബൈയ്ക്ക് നഷ്ടമാവുക.
ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ക്രിക്കറ്റ് സീരീസിന്റെ ഭാഗമായാണ് വില്‍ ജാക്‌സ് തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. അതേസമയം ഏപ്രില്‍ 27ന് ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്താന്‍ റിയാന്‍ റിക്കള്‍ട്ടണും നിര്‍ദേശമുണ്ട്. ജൂണില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റയാന്‍ റിക്കള്‍ട്ടണും ഭാഗമാണ്. ഇതിനായുള്ള തയ്യാറെടുപ്പിനായാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ താരങ്ങളെ ഐപിഎല്ലില്‍ നിന്നും തിരിച്ചുവിളിക്കുന്നത്. റിയാന്‍ റിക്കള്‍ട്ടണ് പകരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോണി ബെയര്‍സ്റ്റോയാകും ടീമിലെത്തുക എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ 50 മത്സരങ്ങളില്‍ നിന്നും 34.54 എന്ന മികച്ച ശരാശരി ബെയര്‍സ്റ്റോയ്ക്കുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച പരിചയം താരത്തിനുണ്ട്. വില്‍ ജാക്‌സിന് പകരം 37കാരനായ ഫാസ്റ്റ് ബൗലര്‍ റിച്ചാര്‍ഡ് ഗ്ലീസനെയാകും മുംബൈ കളിപ്പിക്കുക എന്നും സൂചനയുണ്ട്. 2024ലെ ഐപിഎല്ലില്‍ താരം ചെന്നൈയ്ക്ക് വേണ്ടി കളിച്ചിരുന്നു.