വിദേശതാരങ്ങൾ ഭയന്നിരുന്നു, ഇന്ത്യയിൽ അവരെ നിർത്താൻ സഹായിച്ചത് പോണ്ടിങ്ങെന്ന് പഞ്ചാബ് സിഇഒ

അഭിറാം മനോഹർ

ഞായര്‍, 11 മെയ് 2025 (18:45 IST)
Ponting PBKS
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഐപിഎല്‍ 2025 സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ധരംശാലയില്‍ നടന്ന പഞ്ചാബ്- ഡല്‍ഹി പോരാട്ടത്തിനിടെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സരം തടസ്സപ്പെട്ടിരുന്നു. ഭീതികരമായ സാഹചര്യത്തില്‍ സ്റ്റേഡിയത്തിലെ മുഴുവന്‍ ജനങ്ങളെയും ഐപിഎല്‍ അധികൃതര്‍ തിരിച്ചയച്ചിരുന്നു. പ്രത്യേകമായി അനുവദിച്ച വന്ദേഭാരത് ട്രെയിനിലാണ് ടീമുകള്‍ പിന്നീട് തിരിച്ചുപോയത്.
 
 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ- പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ വീണ്ടും പുനരാരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയില്‍ ഭീതിപൂര്‍വമായ സാഹചര്യമായിരുന്നിട്ടും പഞ്ചാബ് കിംഗ്‌സിലെ വിദേശതാരങ്ങളെ ഇന്ത്യ വിടാതെ നില്‍ക്കാന്‍ കാരണമായത് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിന്റെ ഇടപെടലാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ക്ലബ് സിഇഒ ആയ സതീഷ് മേനോന്‍.
 
 ഇന്ത്യയിലെ സ്ഥിതിഗതികളെ പറ്റി ആശങ്കാകുലരായ ഓസ്‌ട്രേലിയന്‍ താരങ്ങളായ മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇംഗ്ലീഷ്, സേവ്യര്‍ ബാര്‍ലെറ്റ് എന്നിവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയത് പോണ്ടിംഗാണ്. അനിശ്ചിതത്വത്തിന്റെ സമയത്ത് പോണ്ടിങ്ങിന്റെ വാക്കുകള്‍ അവര്‍ക്ക് ആശ്വാസമായെന്നും പോണ്ടിങ്ങിനെ കൊണ്ട് മാത്രമെ ഇത് സാധ്യമാകുള്ളുവെന്നും മേനോന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍