ഒന്ന് തീരുമ്പോൾ അടുത്തത്, തുടർച്ചയായി കളിച്ച് ക്ഷീണിക്കുന്നു, ക്രിക്കറ്റ് ഷെഡ്യൂളിനെതിരെ വിമർശനവുമായി ശ്രീലങ്കൻ നായകൻ

അഭിറാം മനോഹർ

ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (18:24 IST)
ഏഷ്യാകപ്പിന് മുന്നോടിയായി നടന്ന മാധ്യമസമ്മേളനത്തില്‍ തിരക്കിട്ട ക്രിക്കറ്റ് ഷെഡ്യൂളിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശ്രീലങ്കന്‍ നായകന്‍ ചരിത് അസലങ്ക. ഹരാരെയില്‍ സിംബാബ്വെയ്‌ക്കെതിരെ നടന്ന പരമ്പരയ്ക്ക് ശേഷം വേണ്ടത്ര വിശ്രമമില്ലാതെയാണ് ശ്രീലങ്കന്‍ ടീം ഏഷ്യാകപ്പിനായി യുഎഇയിലെത്തിയത്. ബാഗുകളുമായി ഇറങ്ങിയപ്പോള്‍ തന്നെ ഫോട്ടോഷൂട്ട്, മാധ്യമസമ്മേളനം തുടങ്ങിയ തിരക്കുകളിലേക്കാണ് ശ്രീലങ്കന്‍ ടീം എത്തിപ്പെട്ടത്.
 
 സെപ്റ്റംബര്‍ 6,7 തീയ്യതികളില്‍ തുടര്‍ച്ചയായി 2 ടി20 മത്സരങ്ങളില്‍ പങ്കെടുത്ത ശേഷമാണ് എത്തിയത്. ചോദ്യങ്ങള്‍ക്ക് നാളെ ഉത്തരം പറയാം എന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ കളിക്കുന്നതും അത് കഴിഞ്ഞ് യാത്ര ചെയ്യുന്നതും വളരെ ബുദ്ധിമുട്ടാണ്. ടീമിനായി 100 ശതമാനം നല്‍കണമെങ്കില്‍ 2 ദിവസത്തെയെങ്കിലും വിശ്രമം ആവശ്യമാണ്. ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു.
 
അതേസമയം ശ്രീലങ്കയ്ക്ക് സമാനമായി കടുത്ത ഷെഡ്യൂളിന് ശേഷമാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, യുഎഇ തുടങ്ങിയ ടീമുകളും ടൂര്‍ണമെന്റിനെത്തിയത്. ഇങ്ങനെയുള്ള തിരക്കിട്ട ഷെഡ്യൂള്‍ അനുയോജ്യമല്ലെന്ന് തന്നെയാണ് അഫ്ഗാന്‍- പാക് നായകന്മാരും വ്യക്തമാക്കിയത്. കളികള്‍ അബുദാബിയിലാണെങ്കിലും നമ്മള്‍ ദുബായിലാണ് താമസം. ചൂട് 40 ഡിഗ്രിക്ക് മുകളിലാണ്. തുടര്‍ച്ചയായ യാത്രകള്‍, ചൂട് എല്ലാം കളിക്കാരെ ബാധിക്കും. നമ്മള്‍ പ്രൊഫഷണലുകള്‍ ആയതിനാല്‍ ഇതില്‍ പരാതി പറയുന്നതില്‍ കാര്യമില്ല. മൈതാനത്ത് 100 ശതമാനം ഏത് സാഹചര്യത്തിലും നല്‍കാനാണ് ശ്രമിക്കാറുള്ളത്. അഫ്ഗാന്‍ നായകനായ റാഷിദ് ഖാന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍