Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2025 (16:00 IST)
Srilanka vs Australia
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ശ്രീലങ്കയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിലും ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ ഓസ്‌ട്രേലിയ. രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക സെഞ്ചുറിയുമായി തിളങ്ങിയ കുശാല്‍ മെന്‍ഡിസിന്റെയും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ചരിത് അസലങ്ക, നിഷാന്‍ മധുഷ്‌ക എന്നിവരുടെയും ബാറ്റിംഗ് മികവിന്റെ ബലത്തില്‍ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ പേരുകേട്ട ഓസീസ് നിര വെറും 24.2 ഓവറില്‍  107 റണ്‍സിന് കൂടാരം കയറി.
 
ശ്രീലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ് 115 പന്തില്‍ 11 ബൗണ്ടറികളുടെ ബലത്തില്‍ 101 റണ്‍സും ചരിത് അസലങ്ക 66 പന്തില്‍ 6 ഫോറിന്റെയും 3 സിക്‌സുകളുടെയും അകമ്പടിയില്‍ 78 റണ്‍സും നേടി. 70 പന്തില്‍ നിന്നും 51 റണ്‍സുമായി നിഷാന്‍ മധുഷ്‌കയും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. 33 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്മിത്തും ജോഷ് ഇംഗ്ലീഷും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പതിനഞ്ചാം ഓവറില്‍ ഇംഗ്ലീഷ് മടങ്ങിയതോടെ ചടങ്ങുകളെല്ലാം പെട്ടെന്നായിരുന്നു.
 
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് വെറും 107 റണ്‍സിന് അവസാനിച്ചു. 29 റണ്‍സുമായി സ്റ്റീവ് സ്മിത്ത് മാത്രമാണ് പിടിച്ചുനിന്നത്. ശ്രീലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ, വാനിന്ദു ഹസരങ്ക എന്നിവര്‍ 3 വിക്കറ്റ് വീതവും ദുനിത് വെല്ലാലഗെ 4 വിക്കറ്റും നേടി. 2 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ പരമ്പര 2-0ന് ശ്രീലങ്ക സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍