അംബാനി പണിതന്നു, ഐപിഎൽ മത്സരങ്ങൾ ഇനി ഫ്രീയായി കാണാനാവില്ല, ഡിസ്നി- റിലയൻസ് ഹൈബ്രിഡ് ആപ്പിൽ 149 രൂപ മുതൽ പ്ലാനുകൾ
മാര്‍ച്ച് 22ന് ഇക്കൊല്ലത്തെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകര്‍ക്ക് പണി തന്ന് അംബാനി. ഇക്കൊല്ലം ഐപിഎല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം സൗജന്യമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൂര്‍ണമായും സൗജന്യമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പകരം ഉപയോഗത്തിനനുസരിച്ച് പണം ഈടാക്കികൊണ്ട് ഹൈബ്രിഡ് മോഡലിലേക്ക് മാറാനാണ് ഡിസ്‌നി- റിയലന്‍സ് സംയുക്ത തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
പുതുതായി റിബ്രാന്‍ഡ് ചെയ്യുന്ന ജിയോ- ഹോട്ട്സ്റ്റാറിലാകും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക. 149 രൂപ മുതലാകും പ്ലാനുകളെന്നാണ് റിപ്പോര്‍ട്ട്. 2023 മുതല്‍ ഐപിഎല്ലിന്റെ അഞ്ച് വര്‍ഷത്തെ സംപ്രേക്ഷണാവകാശം ജിയോ സിനിമക്കാണ്. ഐപിഎല്‍ മത്സരങ്ങള്‍ അടക്കമുള്ള എല്ലാ കണ്ടന്റുകളും ഹൈബ്രിഡ് ആപ്പിലേക്ക് മാറും. 3 മാസത്തേക്ക് 149 രൂപ മുതലുള്ള പ്ലാനുകളാണ് റിലയന്‍സ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പരസ്യരഹിത സേവനം ഉപയോഗിക്കാന്‍ 499 രൂപയുടെ പ്ലാനുമുണ്ടാകും. നിലവില്‍ നൂറിലധികം ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം റിലയന്‍സ്- ഡിസ്‌നി സംയുക്ത സംരഭത്തിനുണ്ട്.