ജോക്കി ഇനി കെട്ടുമടക്കി പോകേണ്ടിവരും, അടിവസ്ത്ര രംഗത്തേക്ക് റിലയൻസും

അഭിറാം മനോഹർ

വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (18:44 IST)
ടെലികോം,റീട്ടെയ്ല്‍ ശൃംഖല, മീഡിയ എന്നിവയിലെ വന്‍ നിക്ഷേപത്തിന് ശേഷം അടിവസ്ത്രവിപണിയിലും സാന്നിധ്യം അറിയിക്കാനൊരുങ്ങി റിലയന്‍സ് ഗ്രൂപ്പ്. എഫ്എംസിജി സെക്ടര്‍ 2039 ഓടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഒപ്പമെത്താന്‍ ഇന്ത്യയ്ക്കുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് കമ്പനി.
 
സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇന്നര്‍വെയര്‍ രംഗത്ത് സ്വാധീനമുറപ്പിക്കാനാണ് റിലയന്‍സിന്റെ ശ്രമം. ജോക്കി മുതല്‍ വീസ്റ്റാര്‍ വരെയുള്ള ബ്രാന്‍ഡുകള്‍ക്ക് റിലയന്‍സിന്റെ വരവ് തിരിച്ചടിയാകും. ഇന്നര്‍വെയര്‍ രംഗത്ത് ആഗോള സാന്നിധ്യമുള്ള ഇസ്രായേലി കമ്പനിയായ ഡെല്‍റ്റ ഗലീല്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് റിലയന്‍സ് വിപണിയില്‍ പ്രവേശിക്കുന്നത്.
 
1975ല്‍ സ്ഥാപിതമായ ഡെല്‍റ്റ ഗലീലിന് കാല്‍വിന്‍ ക്ലീന്‍,കൊളംബിയ,ടോമി ഹില്‍ഫിഗര്‍ എന്നീ കമ്പനികളുടെ ആഗോള ലൈസന്‍സുണ്ട്. അടുത്തിടെ അഡിഡാസ്,പോളോ തുടങ്ങിയ വന്‍കിട കമ്പനികളുമായും ഇസ്രായേലി കമ്പനി കരാറിലെത്തിയിരുന്നു. 2022ല്‍ അടിവസ്ത്ര രംഗത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ ക്ലോവിയയുടെ 89 ശതമാനം ഓഹരികള്‍ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍