വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി. താനൂര്‍ നഗരസഭയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ വിവരാവകാശ കൂട്ടായ്മ അംഗം എം സിദ്ദിഖ് നല്‍കിയ അപേക്ഷയിലാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്. മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് സ്വീകരിക്കാന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സഹിതം ഓഫീസില്‍ എത്തണമെന്നുമാണ് സൂപ്രണ്ടിങ് എന്‍ജിനീയറിങ് കാര്യാലയത്തിലെ അധികാരി നല്‍കിയ മറുപടി.
ജില്ലാ ജല അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ മറുപടി ദുരൂഹമാണെന്നും പൈപ്പ് ലൈന്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വ്യാപക അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട് എന്നും ഈ സാഹചര്യത്തിലാണ് വസ്തുത അറിയാന്‍ വേണ്ടി വിവരാവകാശം നല്‍കിയതെന്നും പരാതിക്കാരന്‍ പറയുന്നു. മറുപടിക്കെതിരെ വിവരാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.