നാട്ടിലെ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന വിവാദപരാമര്‍ശവുമായി സിപിഎം എംഎല്‍എ യു പ്രതിഭ. ബുധനാഴ്ച കായംകുളത്ത് നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് വിവാദപ്രസംഗമുണ്ടായത്. തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ച് കയറുകയാണ്. ആദ്യം അത് നിര്‍ത്തണം. ഇത്രയും വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍. അവരോട് തുണിയുടുത്ത് വരാന്‍ പറയണം. ഇതിനെ സദാചാരമെന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കണം. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. പ്രതിഭ പറയുന്നു.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടിവി റിയാലിറ്റി ഷോയ്‌ക്കെതിരെയും പേര് പരാമര്‍ശിക്കാതെ യു പ്രതിഭ വിമര്‍ശിച്ചു. കേരളത്തില്‍ ഇപ്പോള്‍ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ടപരിപാടിയുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയും അവരുടെ വസ്ത്രങ്ങള്‍ ഇടുങ്ങിയതാണോ എന്ന് കമന്റ് ചെയ്യുകയുമാണ് പരിപാടി. അനശ്വര നടനാണ് ഈ പരിപാടി ചെയ്യേണ്ടത്. ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാരല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയ്യാറാകണം. എംഎല്‍എ പറഞ്ഞു.