Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

നിഹാരിക കെ.എസ്

വെള്ളി, 10 ഒക്‌ടോബര്‍ 2025 (09:30 IST)
ഗാസയിൽ ഇനി സമാധാനത്തിന്റെ പുലരി. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചതോടെ ഗാസയിൽ സമാധാനം തിരികെ വരുന്നു. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. 
 
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപും അറിയിച്ചു. സമാധാന കരാറിൻറെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ ചിലഭാഗങ്ങളിൽ നിന്ന് പിന്മാറും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്കും പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കും. 
 
ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിൻറെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിൽ എത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇരുവരും നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തു.
 
ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായതോടെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് അഭിനന്ദന പ്രവാഹമാണ്. ലോക രാജ്യങ്ങളിലെ നേതാക്കൾ ഫോണിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി.
 
 പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഗാസ സമാധാന കരാർ യാഥാർത്ഥ്യമായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍