പുലരുമോ സമാധാനം? ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ട്രംപ് ഈജിപ്തിലേക്ക്

രേണുക വേണു

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (10:21 IST)
യുഎസ് മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടന്‍ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെ ഇതുസംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തി. 
 
ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതിന്റെ രണ്ടാം വാര്‍ഷികത്തിനു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് ഈയാഴ്ച ഈജിപ്ത് സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച ട്രംപ് ഈജിപ്തിലേക്കു തിരിക്കുമെന്നാണ് സൂചന. വെടിനിര്‍ത്തല്‍ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും.
 
ഇസ്രയേലും ഹമാസും യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ആദ്യഘട്ടം അംഗീകരിച്ചെന്ന് പ്രഖ്യാപിക്കാന്‍ ഏറെ സന്തോഷമുണ്ട്. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ശക്തവും നിലനില്‍ക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേല്‍ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍