ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

രേണുക വേണു

വ്യാഴം, 16 ഒക്‌ടോബര്‍ 2025 (16:34 IST)
KC Venugopal

എ, ഐ ഗ്രൂപ്പുകളുടെ ആധിപത്യം അവസാനിപ്പിക്കാന്‍ കെ.സി.വേണുഗോപാലിന്റെ രാഷ്ട്രീയ നീക്കം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഒ.ജെ.ജനീഷിനെ കൊണ്ടുവന്ന വേണുഗോപാലിന്റെ നീക്കമാണ് സംശയങ്ങള്‍ ബലപ്പെടുത്തിയത്. 
 
എ ഗ്രൂപ്പ് കെ.എം.അഭിജിത്തിനു വേണ്ടിയും ഐ ഗ്രൂപ്പ് അബിന്‍ വര്‍ക്കിക്കു വേണ്ടിയും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും വെട്ടി ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് വേണുഗോപാല്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്. പോഷക സംഘടനകളെ തനിക്കു അനുകൂലമാക്കുകയാണ് വേണുഗോപാല്‍ ലക്ഷ്യമിടുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം.
 
വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിച്ച ബിനു ചുള്ളിയില്‍ വേണുഗോപാലിന്റെ നോമിനിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കളംപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേണുഗോപാലിന്റെ നീക്കങ്ങള്‍. ലോക്‌സഭാ എംപിയായ വേണുഗോപാലിനു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഐസിസി നേതൃത്വത്തില്‍ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളെ കൈപിടിയിലാക്കാന്‍ വേണുഗോപാല്‍ നീക്കങ്ങള്‍ ആരംഭിച്ചത്. 
 
അതേസമയം വേണുഗോപാലിന്റെ നീക്കങ്ങളെ എ, ഐ ഗ്രൂപ്പുകള്‍ വളരെ ഗൗരവത്തില്‍ നിരീക്ഷിക്കുന്നുണ്ട്. വേണുഗോപാലിനെതിരെ ഒന്നിച്ചു നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ ധാരണ. വിശാല ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. പരമ്പരാഗതമായി ലഭിക്കുന്ന പദവികളെല്ലാം നഷ്ടമാകുന്നതായി എ ഗ്രൂപ്പും കരുതുന്നു. ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന നേതാക്കളെ മനുപ്പൂര്‍വ്വം അവഗണിച്ചുകൊണ്ട് എ ഗ്രൂപ്പിനെ ദുര്‍ബലമാക്കാന്‍ ശ്രമം നടക്കുന്നതായി ഗ്രൂപ്പില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍