വിദ്യാഭ്യാസ മേഖലയില്‍ വിഭജനത്തിനു ആര് ശ്രമിച്ചാലും സര്‍ക്കാര്‍ അംഗീകരിക്കില്ല: വി.ശിവന്‍കുട്ടി

രേണുക വേണു

വ്യാഴം, 16 ഒക്‌ടോബര്‍ 2025 (15:39 IST)
ഓരോ വിദ്യാലയവും പ്രവര്‍ത്തിക്കേണ്ടത് നാടിന്റെ നിയമങ്ങള്‍ക്കും രാജ്യത്തിന്റെ ഭരണഘടനയ്ക്കും അനുസരിച്ചാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മന്ത്രി പറഞ്ഞു. 
 
ശിവന്‍കുട്ടിയുടെ വാക്കുകള്‍ 
 
പള്ളുരുത്തി സെന്റ്.റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആസൂത്രിത ശ്രമം ഉണ്ട്. ശിരോവസ്ത്രം ധരിച്ചെത്തിയ ഒരു വിദ്യാര്‍ത്ഥിനിയെ ക്ലാസ്സില്‍ പ്രവേശിപ്പിച്ചില്ല എന്നൊരു പരാതി ലഭിക്കുകയുണ്ടായി. ഒരു പരാതി ലഭിച്ചാല്‍ അതിന്മേല്‍ അന്വേഷണം നടത്തുകയും വസ്തുതകള്‍ കണ്ടെത്തുകയും ചെയ്യുക എന്നത് സര്‍ക്കാര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വമാണ്. അതിന്റെ ഭാഗമായി, ഈ വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദ്ദേഹം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടുകയാണ് ചെയ്തത്. ഇത് തികച്ചും സ്വാഭാവികവും നിയമപരവുമായ ഒരു നടപടിക്രമം മാത്രമാണ്.  
 
എന്നാല്‍, ഖേദകരമെന്നു പറയട്ടെ, ഈ വിഷയത്തെ അതിന്റെ യഥാര്‍ത്ഥ തലത്തില്‍ നിന്ന് മാറ്റി, തികച്ചും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഒരു ബോധപൂര്‍വ്വമായ നീക്കമാണ് പിന്നീട് നാം കണ്ടത്. സ്‌കൂള്‍ അധികൃതരും അവരുടെ അഭിഭാഷകയും നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഒരു കാര്യം വ്യക്തമാകും. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം. അവരുടെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഒരു മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ആ മാധ്യമപ്രവര്‍ത്തകന് അവിടെയുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം അതില്‍ തുറന്നു പറയുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
 
അഭിഭാഷകയോട് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങളും നാം കണ്ടതാണ്. ഇവിടെ ഒരുകാര്യം ഞാന്‍ സംശയത്തിനിടയില്ലാതെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്ക് വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിഭജനം കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും, ഈ സര്‍ക്കാര്‍ അത് ഒരു കാരണവശാലും അനുവദിക്കുകയില്ല. നമ്മുടെ വിദ്യാലയങ്ങള്‍ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. അതിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ക്കുള്ള വേദിയാക്കാന്‍ ആരെയും അനുവദിക്കില്ല.  
 
ഓരോ വിദ്യാലയവും പ്രവര്‍ത്തിക്കേണ്ടത് ഈ നാടിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ്. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളും, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും, വിദ്യാഭ്യാസ അവകാശ നിയമവും, കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇതിന് വിരുദ്ധമായ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും, അതില്‍ ഇടപെടാനുള്ള പൂര്‍ണ്ണ അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. ആ അധികാരം ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ ഉപയോഗിക്കുക തന്നെ ചെയ്യും.  
 
സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്തുനിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. അത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേര്‍ന്ന നടപടിയല്ല. സ്‌കൂളിന്റെ ശാന്തവും സമാധാനപരവുമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. അതുകൊണ്ട്, സ്‌കൂളിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രകോപനപരമായ നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണുന്നതിന് പകരം, അതിനെ രാഷ്ട്രീയ വിവാദമാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പ്രധാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍