പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതില്‍ വിവാദപരാമര്‍ശവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്യാര്‍ഥിനി എന്തിനാണ് രാത്രിയില്‍ പുറത്തുപോയതെന്ന ചോദ്യമാണ് ബംഗാള്‍ മുഖ്യമന്ത്രി ഉന്നയിച്ചത്. സ്ത്രീകളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ സംഭവത്തില്‍ ഇരയെ തന്നെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം വിവാദമായിരിക്കുകയാണ്.
അവള്‍ സ്വകാര്യ മെഡിക്കല്‍ കോലേജിലാണ് പഠിക്കുന്നത്.ഈ മെഡിക്കള്‍ കോളേജുകള്‍ ആരുടെ ഉത്തരവാദിത്തമാണ്. എങ്ങനെയാണ് അവര്‍ രാത്രി 12:30ന് പുറത്തുപോകുന്നത്. സംഭവം ഒരു ഫോറസ്റ്റ് ഏരിയയിലാണ് നടന്നതെന്നാണ് മനസിലാക്കുന്നത്. അന്വേഷണം നടക്കുകയാണ്. എന്നാണ് സംഭവത്തില്‍ മമത ബാനര്‍ജി പ്രതികരിച്ചത്. സംഭവത്തില്‍ മമതക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.
ഇത്രയും കൊടിയ ഒരു സംഭവം ഉണ്ടായിട്ടും ഇരയെ കുറ്റപ്പെടുത്തുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്നും മമതയുടെ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ എക്‌സില്‍ കുറിച്ചു. സ്ത്രീകള്‍ ബുര്‍ഖയും ധരിച്ച് വീട്ടില്‍ ഇരുന്നാല്‍ മതിയെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാറും ചോദിക്കുന്നു.
ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഈ സംഭവത്തിന് മുന്‍പെ തന്നെ സ്വകാര്യ കമ്പനികള്‍ സ്ത്രീകളുടെ നൈറ്റ് ഷിഫ്റ്റുകള്‍ കുറയ്ക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്താണ് പറയുന്നത് ഈ സ്ത്രീകളെല്ലാം വീട്ടില്‍ ബുര്‍ഖയും ധരിച്ച് ഇരിക്കണമെന്നാണോ അദ്ദേഹം ചോദിച്ചു. ദേശീയ വനിതാ കമ്മീഷന്‍ അംഗമായ അര്‍ച്ചന മജുംദാറും കടുത്ത വിമര്‍ശനമാണ് മമതയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതകള്‍ രാജ്യത്തിനായി സ്വര്‍ണമെഡലുകള്‍ നേടുന്ന കാലത്താണ് രാത്രി 8,9 മണി കഴിഞ്ഞാല്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നതെന്ന് അര്‍ച്ചന മജുംദാര്‍ പറഞ്ഞു.