കൊൽക്കത്ത: രാജ്യത്തെ നടുക്കിയ പശ്ചിമ ബംഗാളിൽ നിന്നും പുറത്തുവന്ന കൂട്ടബലാത്സംഗക്കേസിൽ മൂന്ന് പേർ പിടിയിൽ. കൊൽക്കത്തയിൽ നിന്നും 170 കിലോമീറ്റർ അകലെ ദുർഗാപൂരിലെ മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കോളജ് വളപ്പിനകത്ത് വച്ച് തന്നെയായിരുന്നു സംഭവം. പിടിയിലായ മൂന്ന് പ്രതികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ വ്യക്തികളിൽ ഒരാൾ മട്ടപ്രാലെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. ഇതിൽ നിന്നാണ് മറ്റുള്ളവരിലേക്ക് അന്വേഷണം നീണ്ടത്. അതിക്രമത്തിന് ഇരയായ പെൺകുട്ടിയിൽ നിന്നും അവരുടെ സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടും.
സിസിടിവി ദൃശ്യങ്ങളും ക്യാംപസിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശേധിച്ച് വരികയാണ് എന്നും അധികൃതർ അറിയിച്ചു. കുറ്റകൃത്യം നടന്ന പ്രദേശവുമായി ബന്ധപ്പെട്ട മൊബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കുറ്റകൃത്യത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
അതേസമയം, അതിക്രമത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് ഇവരിൽ നിന്നും പൊലീസിന് മൊഴിയെടുത്തിട്ടുണ്ട്. ദുർഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്.