കൊൽക്കത്തയിൽ എംബിബിഎസ് വിദ്യാർഥിനിക്ക് കൂട്ട ബലാത്സംഗം; ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു

നിഹാരിക കെ.എസ്

ഞായര്‍, 12 ഒക്‌ടോബര്‍ 2025 (08:10 IST)
രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ഓടിരക്ഷപ്പെട്ടു.
 
ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിന് സമീപം വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ വിദ്യാർഥിനി പുരുഷ സുഹൃത്തിനൊപ്പം പുറത്തുപോകാൻ ഇറങ്ങിയതായിരുന്നു. ഇതേസമയം കോളജിന്റെ ഗേറ്റിന് സമീപത്ത് വെച്ച് അജ്‌ഞാതർ ഇരുവരെയും തടഞ്ഞുനിർത്തി. 
 
പിന്നാലെ യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേസമയം പെൺകുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്ത് ഓടിപ്പോയി. 
 
സംഭവത്തിൽ യുവാവിന് പങ്കുണ്ടെന്ന് സംശയമുണ്ടെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി. സുഹൃത്ത് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചതായും ഒഴിഞ്ഞ സ്ഥലത്തേക്ക് മനപൂർവം കൊണ്ടുപോയതാണെന്നും ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകി. അക്രമികൾ മകളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതെന്നും പണം കവർന്നെന്നും പിതാവ് പരാതിയിൽ പറയുന്നു.
 
സംഭവത്തിൽ ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് വിദ്യാർത്ഥിനി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരയുടെ സുഹൃത്ത് ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തു വരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍