ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

അഭിറാം മനോഹർ

വെള്ളി, 10 ഒക്‌ടോബര്‍ 2025 (18:17 IST)
പാകിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ അഫ്ഗാന്‍ പ്രദേശം തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ താലിബാന് മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍. തങ്ങളുടെ ക്ഷമ നശിച്ചെന്നും അഫ്ഗാന്‍ മണ്ണില്‍ നിന്നുള്ള ഭീകരതയെ വെച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയായ ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കിയതായി പാക് വാര്‍ത്താ ഏജന്‍സിയായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ഒറാക്‌സായി ജില്ലയില്‍ നിരോധിത സംഘടനായ തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാനുമായുള്ള(ടിടിപി) ഏറ്റുമുട്ടലില്‍ ഒരു ലെഫ്റ്റണന്റ് കേണലും ഒരു മേജറും ഉള്‍പ്പടെ 11 പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തീവ്രവാദികള്‍ക്കെതിരെ ഇസ്ലാമാബാദ് കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഖ്വാജ ആസിഫ് സൂചന നല്‍കി. 3 വര്‍ഷം മുന്‍പ് കാബൂള്‍ സന്ദര്‍ശനവേളയില്‍ തീവ്രവാദ വിഷയം പാകിസ്ഥാന്‍ ഉന്നയിച്ചിരുന്നെന്നും ടിടിപി തീവ്രവാദികളെ പാക്- അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മാറ്റാനായി താലിബാന്‍ സര്‍ക്കാര്‍ 10 ബില്യണ്‍ ആവശ്യപ്പെട്ടെന്നും ആസിഫ് അവകാശപ്പെട്ടു.

വെബ്ദുനിയ വായിക്കുക