സമാധാന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഹമാസ്; രണ്ടാംവട്ട ചര്‍ച്ച ഇന്ന് നടക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (08:32 IST)
ഈജിപ്തില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഹമാസ്. ഗാസയില്‍ വെടിനിര്‍ത്തല്‍ സ്ഥിരമായിരിക്കണമെന്നും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറണമെന്നും ഉപാധികള്‍ ഇല്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. രണ്ടാംവട്ട ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് ഹമാസ് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്.
 
ഗാസയുടെ പുനര്‍നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്നും അതിനു മേല്‍നോട്ടം പാലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതി ആവണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍. യുദ്ധം അവസാനിപ്പിച്ചാല്‍ കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പും നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് ഈ പാര്‍ട്ടികള്‍ പരസ്യപ്രസ്താവന നടത്തിയത്.
 
ഞങ്ങള്‍ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ വ്യക്തമാക്കി. ഗാസയിലെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുദ്ധം നിര്‍ത്തിവയ്ക്കുന്നത് ഇസ്രയേലിന്റെ മേല്‍ക്കൈ ഇല്ലാതാകുമെന്ന് അദ്ദേഹം പറയുന്നു. സമാധാന കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഹമാസിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാന കരാറില്‍ തീരുമാനമെടുക്കുന്നത് വൈകുന്നതും ബന്ധികളെ മോചിപ്പിക്കുന്നതും വൈകിയാല്‍ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍