മുപ്പത്തിയാറാം സെഞ്ചുറിക്ക് പിന്നാലെ സ്മിത്തിന് മറ്റൊരു റെക്കോർഡ് നേട്ടം, ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

അഭിറാം മനോഹർ

ഞായര്‍, 9 ഫെബ്രുവരി 2025 (14:14 IST)
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആധികാരിക വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. 2 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 2-0നാണ് ഓസ്‌ട്രേലിയ നേടിയത്. രണ്ടാം ടെസ്റ്റില്‍ 9 വിക്കറ്റിന്റെ വിജയമാണ് ഓസീസ് നേടിയത്. വിജയലക്ഷ്യമായ 75 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസീസ് നേടിയെടുത്തത്. സ്‌കോര്‍ ശ്രീലങ്ക: 257,231 ഓസ്‌ട്രേലിയ: 414, 75-1
 
54 റണ്‍സ് മാത്രം ലീഡുമായി 211-8 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്ങ്‌സ് 231 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തിനിടെ കുശാല്‍ മെന്‍ഡിസിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 200 ക്യാച്ചുകള്‍ നേടുന്ന ആദ്യ ഓസീസ് ഫീല്‍ഡറെന്ന നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയത്. മത്സരത്തിലാകെ 5 ക്യാച്ചുകളാണ് താരമെടുത്തത്.
 
രാഹുല്‍ ദ്രാവിഡ്(210), ജോ റൂട്ട്(207), മഹെല ജയവര്‍ധനെ(205, ജാക് കാലിസ്(200) എന്നിവരാണ് സ്മിത്തിന് മുന്‍പിലുള്ള ഫീല്‍ഡര്‍മാര്‍. 196 ക്യാച്ചുകളെടുത്തിരുന്ന റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡും താരം മറികടന്നു. നേരത്തെ മത്സരത്തിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 36 സെഞ്ചുറികള്‍ തികച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍