Steve Smith: കോലിക്ക് പിന്നാലെ ഓടിയവന്‍ പതിനായിരം തൊട്ടു; ഇതിഹാസങ്ങള്‍ക്കൊപ്പം സ്റ്റീവ് സ്മിത്ത്

രേണുക വേണു

ബുധന്‍, 29 ജനുവരി 2025 (12:23 IST)
Steve Smith: ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ സ്മിത്തിന്റെ ടെസ്റ്റ് റണ്‍സ് 9,999 ആയിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിള്‍ എടുത്ത് 10,000 റണ്‍സ് ക്ലബില്‍ സ്മിത്ത് സ്ഥാനം പിടിച്ചു. 
 
ടെസ്റ്റില്‍ പതിനായിരം റണ്‍സ് നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്. റിക്കി പോണ്ടിങ് (13,378), അലന്‍ ബോര്‍ഡര്‍ (11,174), സ്റ്റീവ് വോ (10,927) എന്നിവരാണ് ഇതിനു മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്കു വേണ്ടി പതിനായിരം റണ്‍സ് നേടിയിരിക്കുന്നത്. 
 
അതിവേഗം പതിനായിരം ക്ലബില്‍ എത്തുന്ന രണ്ടാമത്തെ ഓസീസ് താരമെന്ന നേട്ടവും സ്മിത്തിനാണ്. 205 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് പതിനായിരം റണ്‍സ് നേടിയത്. 196 ഇന്നിങ്‌സുകളില്‍ നിന്ന് പതിനായിരം റണ്‍സ് കണ്ടെത്തിയ പോണ്ടിങ് ആണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റില്‍ 34 സെഞ്ചുറികളും 41 അര്‍ധ സെഞ്ചുറികളും സ്മിത്ത് ഇതുവരെ നേടിയിട്ടുണ്ട്. 
 
ഇന്ത്യന്‍ താരം വിരാട് കോലിക്ക് മുന്‍പ് ടെസ്റ്റില്‍ 10,000 തികയ്ക്കാനും സ്മിത്തിനു സാധിച്ചു. ഒരു ഘട്ടത്തില്‍ കോലി സ്മിത്തിനേക്കാള്‍ മുന്‍പിലായിരുന്നെങ്കിലും പിന്നീട് താഴേക്ക് പോയി. 210 ഇന്നിങ്‌സുകളില്‍ നിന്ന് 9,230 റണ്‍സാണ് കോലി ഇതുവരെ ടെസ്റ്റില്‍ നേടിയിരിക്കുന്നത്. പതിനായിരം റണ്‍സ് ക്ലബിലെത്താന്‍ ഇനിയും 770 റണ്‍സ് കൂടി ഇന്ത്യന്‍ താരത്തിനു വേണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍