Virat Kohli: 19 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലി; വേണ്ടത് 94 റണ്‍സ് മാത്രം

രേണുക വേണു

ചൊവ്വ, 4 ഫെബ്രുവരി 2025 (11:47 IST)
Virat Kohli: മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ താരം വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ വന്‍ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഫെബ്രുവരി ആറിനു ആരംഭിക്കും. മോശം ഫോമില്‍ ആണെങ്കില്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള 19 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമാണ്. 
 
ഏകദിനത്തില്‍ അതിവേഗം 14,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. 350 ഇന്നിങ്‌സുകളില്‍ നിന്ന് 14,000 റണ്‍സ് നേടിയ സച്ചിന്‍ ആണ് ഈ റെക്കോര്‍ഡില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത്. സച്ചിനെ മറികടക്കാന്‍ കോലിക്ക് വേണ്ടത് വെറും 94 റണ്‍സാണ്. നിലവില്‍ 283 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 13,906 റണ്‍സാണ് കോലിയുടെ സമ്പാദ്യം. സച്ചിന്‍ ഈ നേട്ടം കൈവരിക്കുന്നത് 2006 ല്‍ പാക്കിസ്ഥാനെതിരെയാണ്. 
 
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉറപ്പായും കോലി 14,000 റണ്‍സ് ക്ലബില്‍ കയറുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ആണ് ഈ നേട്ടം കൈവരിക്കുന്നതെങ്കില്‍ പോലും സച്ചിനേക്കാള്‍ 64 ഇന്നിങ്‌സ് മുന്‍പ് 14,000 ക്ലബില്‍ കയറുന്ന താരമാകാന്‍ കോലിക്ക് സാധിക്കും. 378 ഇന്നിങ്‌സുകളില്‍ നിന്ന് 14,000 റണ്‍സ് നേടിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് രണ്ടാം സ്ഥാനത്ത്. 
 
കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കോലിക്ക് ആകെ നേടാന്‍ സാധിച്ചത് വെറും 58 റണ്‍സാണ്. 24, 14, 20 എന്നിങ്ങനെയാണ് കോലിയുടെ വ്യക്തിഗത സ്‌കോറുകള്‍. സമാന രീതിയില്‍ മോശം ഫോമില്‍ ആണെങ്കില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 14,000 റണ്‍സ് ക്ലബ് നേട്ടം കൈവരിക്കാന്‍ താരത്തിനു സാധിക്കില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍