ഹൈ റിസ്ക്, ഹൈ റിവാർഡ് അതാണ് നമ്മളുടെ പോളിസി 250-260 റൺസ് അടിക്കണം, തോൽവിയെ ഭയക്കരുത്: ഗൗതം ഗംഭീർ

അഭിറാം മനോഹർ

തിങ്കള്‍, 3 ഫെബ്രുവരി 2025 (19:47 IST)
ടി20 ക്രിക്കറ്റില്‍ സ്ഥിരമായി 250-260 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തില്‍ 150 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് തന്റെ ഹൈ റിസ്‌ക്- ഹൈ റിവാര്‍ഡ് ശൈലിയെ പറ്റി ഗംഭീര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്. കളി തോറ്റു പോകുമെന്ന ഭയം കളിക്കാര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും ഗംഭീര്‍ പറഞ്ഞു.
 
 ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ പരമ്പരയില്‍ നാലിലും വിജയിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. അവസാന ടി20 മത്സരത്തില്‍ 54 പന്തില്‍ 135 റണ്‍സുമായി തകര്‍ത്തടിച്ച അഭിഷേക് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോറും വിജയവും സമ്മാനിച്ചത്. ഇങ്ങനെ കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തോല്‍ക്കുമെന്ന ഭയം ആവശ്യമില്ല. ഹൈ റിസ്‌ക്- ഹൈ റിവാര്‍ഡ് മത്സരങ്ങളാണ് ഞങ്ങള്‍ക്ക് ഇഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ 6 മാസമായി നമ്മള്‍ ഇതില്‍ വിജയിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
 
 എല്ലാ കളികളിലും 250-260 റണ്‍സെടുക്കാനാണ് ശ്രമിക്കേണ്ടത്. അതിനായി ശ്രമിക്കുമ്പോള്‍ ചിലപ്പോഴെല്ലാം ചെറിയ സ്‌കോറിന് പുറത്താകുമായിരിക്കും. വെല്ലുവിളി ഏറ്റെടുത്ത് കളിക്കാതെ നിങ്ങള്‍ക്ക് വലിയ റിസള്‍ട്ടുകളും ലഭിക്കില്ല. ഇന്ത്യന്‍ ടീം ശരിയായ ദിശയിലാണ് കളിക്കുന്നത്. വലിയ ടൂര്‍ണമെന്റുകളിലും ഇന്ത്യ ഇങ്ങനെ റ്റന്നെ കളിക്കും. തോറ്റു പോകുമെന്ന ഭയമുണ്ടാകരുത്. കൂടുതല്‍ പന്തുകളൊന്നും നേരിട്ടില്ലെങ്കിലും എട്ടാം നമ്പറില്‍ ഒരു ബാറ്റര്‍ തന്നെ വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പറ്റാവുന്ന അത്രയും സ്‌കോര്‍ ഉയര്‍ത്താനാണ് താത്പര്യം. ഗംഭീര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍