ഇന്ത്യക്കെതിരെ കളിക്കുന്നത് പോലെയല്ല, ഇംഗ്ലണ്ടിനെ 5-0ത്തിന് ചുരുട്ടിക്കെട്ടും, ആഷസ് പ്രവചനവുമായി മഗ്രാത്ത്

അഭിറാം മനോഹർ

വെള്ളി, 8 ഓഗസ്റ്റ് 2025 (18:20 IST)
വരാനിരിക്കുന്ന ആഷസ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 5-0ത്തിന് ഓസീസ് അടിയറവ് പറയിപ്പിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. പരമ്പരയ്ക്ക് ഇനിയും 3 മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മഗ്രാത്തിന്റെ പ്രവചനം. ഇന്ത്യയ്‌ക്കെതിരെ 2-2ന് സമനില നേടിയെങ്കിലും ഓസ്‌ട്രേലിയയെ നേരിടാന്‍ അത് മതിയാകില്ലെന്നാണ് ഗ്ലെന്‍ മഗ്രാത്ത് വ്യക്തമാക്കിയത്.
 
നവംബര്‍ 21ന് പെര്‍ത്തിലാണ് ആഷസ് പരമ്പരയിലെ ആദ്യ പോരാട്ടം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാറ്റ് കമ്മിന്‍സ് അടക്കമുള്ള ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് മഗ്രാത്ത് പറയുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-2ന് അവസാനിച്ച പശ്ചാത്തലത്തിലാണ് മഗ്രാത്തിന്റെ പ്രവചനം. നിലവിലെ ഓസീസ് സംഘത്തില്‍ അത്രയും വിശ്വാസമുള്ളത് കൊണ്ടാണ് ഈ പ്രവചനെമെന്നും മഗ്രാത്ത് പറഞ്ഞു.
 
 ഓസ്‌ട്രേലിയയില്‍ വെച്ച് പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരെ മറികടക്കുക ഇംഗ്ലണ്ടിന് ബുദ്ധിമുട്ടാകും. കൂടാതെ ഓസ്‌ട്രേലിയയില്‍ മോശം ട്രാക്ക് റെക്കോര്‍ഡുമാണ് ഇംഗ്ലണ്ടിനുള്ളത്. ഓസ്‌ട്രേലിയന്‍ ടീമില്‍ മുന്‍നിരയിലെ ആദ്യ 3 പേര്‍ സ്ഥിരത കാണിച്ചെ തീരു എന്നത് അംഗീകരിക്കുന്നു. മാര്‍നസ് ലബുഷെയ്ന്‍, സാം കോന്‍സ്റ്റസ്, ഉസ്മാന്‍ ഖവാജ എന്നിവരൊന്നും ഫോമിലല്ല. എന്നാല്‍ ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രമണം മികച്ചതല്ല. ബാറ്റിംഗില്‍ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ വീഴ്ത്തുന്നതിലാണ് കാര്യം. മഗ്രാത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍