പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം; ഇംഗ്ലണ്ടില്‍ പീഡനക്കേസ്

രേണുക വേണു

വെള്ളി, 8 ഓഗസ്റ്റ് 2025 (16:40 IST)
Haider Ali

പാക്കിസ്ഥാന്‍ യുവതാരം ഹൈദര്‍ അലിയെ ഇംഗ്ലണ്ടില്‍ വെച്ച് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. താരത്തിനെതിരെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
 
പീഡനക്കേസില്‍ ആരോപണ വിധേയനായതിനു പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈദര്‍ അലിയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റ് ചെയ്ത ശേഷം താരത്തെ ജാമ്യത്തില്‍ വിട്ടയച്ചെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
പാക്കിസ്ഥാനു വേണ്ടി രണ്ട് ഏകദിനങ്ങളും 35 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള 24 കാരനായ ഹൈദര്‍ അലിക്കെതിരെ യുകെയില്‍ താമസിക്കുന്ന പാക്കിസ്ഥാനി വംശജയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. 
ഓഗസ്റ്റ് മൂന്നിനാണ് ഹൈദര്‍ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് വിവരം. ഏകദിന മത്സരത്തിനായി പാക്കിസ്ഥാന്‍ ഷഹീന്‍സിനു വേണ്ടി യുകെയില്‍ എത്തിയതാണ് താരം. ഹൈദര്‍ അലിയുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. കേസ് കഴിയുന്നതുവരെയാണ് താരത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 
 
കേസ് നടത്താന്‍ ഹൈദര്‍ അലിയെ പിന്തുണയ്ക്കുമെന്നും എല്ലാ സഹകരണങ്ങളും നല്‍കുമെന്നുമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. അതേസമയം അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ് ഹൈദര്‍ അലി പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞതായും വിവരമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍