വനിതകളുടെ അണ്ടര്‍ 19 ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ അനായാസമായ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങിയ ഗോങ്കാടി തൃഷയാണ് ഇന്ത്യയുടെ വിജയശില്പി. 3 വിക്കറ്റുകളും 44 റണ്‍സുമാണ് തൃഷ സ്വന്തമാക്കിയത്. ഇതോടെ വെറും 11.2 ഓവറില്‍ 9 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 82 റണ്‍സില്‍ ഒതുക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഗോങ്കാടി തൃഷ 3 വിക്കറ്റും പരുണിക സിസോദിയ,ആയുഷി ശുക്ല,വൈഷ്ണവി ശര്‍മ എന്നിവര്‍ 2 വിക്കറ്റ് വീതവും ഷബ്‌നം ഷക്കീല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ചാണ് തുടങ്ങിയത്. 8 റണ്‍സെടുത്ത ഓപ്പണര്‍ കമാലിനിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 44 റണ്‍സുമായി ഗോങ്കടി തൃഷയും 26 റണ്‍സുമായി സനിക ചല്‍കെയെയും പുറത്താകാതെ നിന്നു.