Sanju Samson: കൈവിരലിന് പൊട്ടൽ, സഞ്ജുവിന് ആറാഴ്ച വിശ്രമം, രഞ്ജി ക്വാർട്ടറിൽ കളിക്കാനാവില്ല

അഭിറാം മനോഹർ

തിങ്കള്‍, 3 ഫെബ്രുവരി 2025 (17:47 IST)
ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറാഴ്ച വിശ്രമം. താരത്തിന്റെ കൈവിരലില്‍ പൊട്ടലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനായി സഞ്ജുവിന് കളിക്കാനാവില്ല. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റ സഞ്ജുവിന് പകരം ധ്രുവ് ജുറലായിരുന്നു കീപ്പറായെത്തിയത്. മത്സരത്തില്‍ 16 റണ്‍സാണ് സഞ്ജു നേടിയത്.
 
മുംബൈയില്‍ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സിക്‌സ് പറത്തികൊണ്ടാണ് സഞ്ജു തുടങ്ങിയത്. ആര്‍ച്ചര്‍ക്കെതിരെ 2 സിക്‌സും ഒരു ബൗണ്ടറിയുമായി നല്ല രീതിയില്‍ തുടങ്ങിയെങ്കിലും ഈ ഓവറിലെ മൂന്നാം പന്തില്‍ ആര്‍ച്ചര്‍ എറിഞ്ഞ പന്ത് സഞ്ജുവിന്റെ ഗ്ലൗവില്‍ കൊണ്ടിരുന്നു. കൈവിരലില്‍ ബാന്‍ഡേജ് ചുറ്റിയ ശേഷമാണ് തുടര്‍ന്ന് സഞ്ജു കളിച്ചത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ തന്നെ ക്യാച്ച് നല്‍കി സഞ്ജു പുറത്തായിരുന്നു.
 
ബോഡിലൈന്‍ ലക്ഷ്യമാക്കിവരുന്ന ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ സഞ്ജു പതറുന്നു എന്ന വിമര്‍ശനങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു അഞ്ചാം ടി20 മത്സരത്തിലും സഞ്ജുവിന്റെ പുറത്താകല്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍