മത്സരത്തില്‍ സംഭവിച്ചത്
ബാറ്റ് ചെയ്യുന്നതിനിടെ ജാമി ഓവര്‍ടണിന്റെ ബൗണ്‍സര്‍ ശിവം ദുബെയുടെ ഹെല്‍മറ്റില്‍ കൊണ്ടിരുന്നു. എതിര്‍ ടീം കാരണം എന്തെങ്കിലും പരുക്ക് പറ്റിയാല്‍ പകരം മറ്റൊരു താരത്തെ ഗ്രൗണ്ടില്‍ ഇറക്കാന്‍ അനുവദിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം. ഓവര്‍ടണിന്റെ ബൗണ്‍സര്‍ കൊണ്ട ശേഷം ദുബെ ബാറ്റിങ് തുടര്‍ന്നെങ്കിലും ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയില്ല. ഇംഗ്ലണ്ട് താരം കാരണം പരുക്ക് പറ്റിയതിനാല്‍ ദുബെയ്ക്ക് പകരം മറ്റൊരു താരത്തെ ഇറക്കാന്‍ ഇന്ത്യക്ക് സാധ്യത തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 10 ഓവറിനു ശേഷം ഹര്‍ഷിത് റാണ ഇന്ത്യക്കായി കളത്തിലിറങ്ങി. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 12-ാം ഓവര്‍ എറിഞ്ഞത് റാണയാണ്. ആദ്യ ഓവറില്‍ തന്നെ ലിയാം ലിവിങ്‌സ്റ്റണിനെ പുറത്താക്കി റാണ ഇംഗ്ലണ്ടിനു പ്രഹരമേല്‍പ്പിച്ചു
എന്താണ് കണ്‍കഷന്‍ സബ് നിയമം പറയുന്നത്
'പകരത്തിനു പകരം' (Like for Like) എന്നൊരു മാനദണ്ഡം കണ്‍കഷന്‍ സബ് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. അതായത് ഒരു സ്പിന്നര്‍ക്കാണ് കണ്‍കഷന്‍ സബ് വരുന്നതെങ്കില്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്നതും സ്പിന്നര്‍ ആയിരിക്കണം. അവിടെയാണ് ദുബെ-റാണ കണ്‍കഷന്‍ സബ് വിവാദമാകുന്നത്. ദുബെ ബാറ്റിങ് ഓള്‍റൗണ്ടര്‍ ആണ്, റാണയാകട്ടെ പ്രോപ്പര്‍ പേസറും. കണ്‍കഷന്‍ സബ് നിയമത്തിലെ 'പകരത്തിനു പകരം' മാനദണ്ഡം ഇവിടെ പാലിക്കപ്പെട്ടില്ലെന്നാണ് ഇംഗ്ലണ്ടിന്റെ വിമര്‍ശനം.
എന്നിട്ടും ഇന്ത്യക്ക് റാണയെ ഇറക്കാന്‍ സാധിച്ചത് എന്തുകൊണ്ട്?
'പകരത്തിനു പകരം' മാനദണ്ഡം പാലിക്കപ്പെടാതെ ഇന്ത്യക്ക് ഹര്‍ഷിത് റാണയെ സബ് ആയി ഇറക്കാന്‍ സാധിച്ചത് എന്തുകൊണ്ടാകും? കണ്‍കഷന്‍ സബ് നിയമത്തിലെ 1.2.7.4 ക്ലോസ് പ്രകാരം നോമിനേറ്റ് ചെയ്യപ്പെടുന്ന കണ്‍കഷന്‍ സബ് കളിക്കാരന്‍ ശേഷിക്കുന്ന മത്സരത്തില്‍ കണ്‍കസഡ് പ്ലെയര്‍ (ഇവിടെ ദുബെ) നിര്‍വഹിക്കാന്‍ സാധ്യതയുള്ള ഉത്തരവാദിത്തം ചെയ്യാന്‍ സാധിക്കുന്ന ആളായിരിക്കണം. ഇത് തീരുമാനിക്കാനുള്ള അധികാരം ഐസിസി മാച്ച് റഫറിക്കുണ്ട്. ഇന്ത്യയുടെ മുന്‍താരം കൂടിയായ ജവഗല്‍ ശ്രിനാഥ് ആയിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ മാച്ച് റഫറി.
ശേഷിക്കുന്ന മത്സരത്തില്‍ ദുബെയ്ക്ക് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കായി ബൗള്‍ ചെയ്യുകയും ഫീല്‍ഡ് ചെയ്യുകയുമാണ്. ഇത് രണ്ടും സാധ്യമാകുന്ന താരമാണ് ഹര്‍ഷിത് റാണ എന്ന വിലയിരുത്തലാണ് പൂണെ ട്വന്റി 20 യിലെ കണ്‍കഷന്‍ സബ് തീരുമാനത്തിനു പിന്നില്‍. കണ്‍കഷന്‍ സബ് നിയമത്തിലെ ഈ പഴുതാണ് ഇന്ത്യക്ക് ഗുണം ചെയ്തത്. അപ്പോഴും പാര്‍ട് ടൈം ബൗളറായ ശിവം ദുബെയ്ക്ക് പകരക്കാരനെന്ന നിലയില്‍ പ്രോപ്പര്‍ പേസറായ ഹര്‍ഷിത് റാണ വന്നത് പൂര്‍ണമായി നീതികരിക്കപ്പെടുന്നില്ല.