India vs England, 4th T20I: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; പൂണെയില്‍ ജയം 15 റണ്‍സിനു

രേണുക വേണു

ശനി, 1 ഫെബ്രുവരി 2025 (07:47 IST)
India vs England 4th T20

India vs England, 4th T20I: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 3-1 നാണ് ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. ശേഷിക്കുന്ന ഒരു മത്സരം കൂടി ജയിച്ച് 4-1 എന്ന നിലയില്‍ പരമ്പര നേടുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. പൂണെയില്‍ നടന്ന നാലാം ട്വന്റി 20 യില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 19.4 ഓവറില്‍ 166 നു ഓള്‍ഔട്ടായി. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും (21 പന്തില്‍ 23), ബെന്‍ ഡക്കറ്റും (19 പന്തില്‍ 39) മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു നല്‍കിയത്. 5.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സ് ഇംഗ്ലണ്ട് എടുത്തിരുന്നു. അനായാസം ജയിക്കുമെന്ന് ഇംഗ്ലണ്ട് ഉറപ്പിച്ചിടത്തു നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ കളി വരുതിയിലാക്കുകയായിരുന്നു. 
 
ശിവം ദുബെയ്ക്കു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ ഹര്‍ഷിത് റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയത് ഇംഗ്ലണ്ടിന് അടിയായി. രവി ബിഷ്‌ണോയ് നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി രണ്ടും അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഹാരി ബ്രൂക്ക് (26 പന്തില്‍ 51) അര്‍ധ സെഞ്ചുറി നേടി ഇംഗ്ലണ്ടിനു നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
 
ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യയും (30 പന്തില്‍ 53), ശിവം ദുബെയും (34 പന്തില്‍ 53) അര്‍ധ സെഞ്ചുറി നേടി. റിങ്കു സിങ് 26 പന്തില്‍ 30 റണ്‍സെടുത്തു. ഓപ്പണര്‍ അഭിഷേക് ശര്‍മ 19 പന്തില്‍ 29 റണ്‍സുമായി തിളങ്ങി. സഞ്ജു സാംസണ്‍ (ഒന്ന്), തിലക് വര്‍മ (പൂജ്യം), നായകന്‍ സൂര്യകുമാര്‍ യാദവ് (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി സാക്കിബ് മഹ്‌മൂദ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍