യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം ലഭിച്ചില്ല. പാക്കിസ്ഥാനെതിരെയും ഇതുതന്നെയായിരിക്കും അവസ്ഥ. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ ടീം ലിസ്റ്റ് പ്രകാരം സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ അഞ്ചാണ്. പാക്കിസ്ഥാനെതിരെ അഞ്ചാമതോ ആറാമതോ ആയാകും സഞ്ജു ഇറങ്ങുക. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തുടരും.
ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടകിന്റെ വാക്കുകളും സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം ലഭിക്കില്ലെന്ന സൂചന നല്‍കുന്നുണ്ട്. സഞ്ജു സാംസണ്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും വേണ്ടത്ര ബാറ്റ് ചെയ്യുന്നില്ല എന്നതുകൊണ്ട് അദ്ദേഹത്തിന് അതിനു കഴിയില്ലെന്ന് അര്‍ഥമില്ലെന്ന് കോട്ടക് പറഞ്ഞു. ' സഞ്ജു അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അധികം ബാറ്റ് ചെയ്തിട്ടില്ല. എന്നാല്‍ അതിനര്‍ഥം അദ്ദേഹത്തിന് അത് സാധ്യമല്ല എന്നല്ല. ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്നാണ് ഞാന്‍ കരുതുന്നു. ടീമിന്റെ ആവശ്യമനുസരിച്ച് ക്യാപ്റ്റനും മുഖ്യ പരിശീലകനുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഏതു നമ്പറിലും ബാറ്റ് ചെയ്യാനും അദ്ദേഹം സന്തോഷവാനാണ്,' കോട്ടക് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.